കൊച്ചിയില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് തീപിടിച്ചു; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

കൊച്ചി: കുണ്ടന്നൂരില്‍ തിരക്കേറിയ ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു സമീപം ബൈക്കിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ജംഗ്ഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസിന്റെയും പമ്പ് ജീവനക്കാരുടെയും സമയോചിത ഇടപെടലില്‍ തലനാരിഴയ്ക്കാണ് വന്‍ ദുരന്തം വഴിമാറിയത്.

ഞായറാഴ്ച രാവിലെ ഒന്‍പതോടെ ആയിരുന്നു സംഭവം. പശ്ചിമ കൊച്ചി സ്വദേശികളായ യുവാവും ഭാര്യയുമായിരുന്നു ബൈക്കില്‍. പമ്പിനു സമീപം പാര്‍ക്ക് ചെയ്ത് ഇറങ്ങിയ ഉടനെ ബൈക്കില്‍ നിന്ന് പുക ഉയര്‍ന്നു. നിമിഷ നേരം കൊണ്ട് ബൈക്കില്‍ നിന്ന് തീ ആളിക്കത്തുകയായിരുന്നു. പമ്പിലെ അഗ്നിരക്ഷാ സാമഗ്രികള്‍ ഉപയോഗിച്ച് പെട്ടെന്നു തന്നെ തീ നിയന്ത്രണ വിധേയമാക്കി.

തിരക്കുള്ള സമയം ആയിരുന്നെങ്കിലും കുരുക്ക് ഉണ്ടാകാതെ ഗതാഗതം നിയന്ത്രിക്കാനായി. ട്രാഫിക് സെക്ടര്‍ ഓഫീസര്‍ എസ്ഐ ഷിബു ചെറിയാന്‍, എഎസ്ഐ സുനി, ഹോം ഗാര്‍ഡുമാരായ ജോസഫ്, എംഎ ജോണ്‍സണ്‍ എന്നിവരാണു നേതൃത്വം നല്‍കിയത്. ഫ്ളയിങ് സ്‌ക്വാഡും എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News