പുതുച്ചേരി: പുതുച്ചേരി മുലിയാർപേട്ട് പൊലീസ് സ്റ്റേഷനിൽ പോരുകോഴികൾ നാല് ദിവസമായി ലോക്കപ്പിൽ കഴിയുന്നു. പൊങ്കൽ ആഘോഷത്തിനിടെ പണപ്പന്തയം വച്ച് കോഴിപ്പോര് നടക്കുന്നുവെന്ന വിവരം കിട്ടി എത്തിയ പുതുച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത തൊണ്ടിമുതലുകളാണിവ. പിടിയിലായ പ്രതികൾ ജാമ്യം തേടി പുറത്തിറങ്ങി. എന്നാൽ കോഴികളെ സംരക്ഷിക്കേണ്ട ചുമതല പൊലീസിന്റെ തലയിലായി.
തെങ്കൈത്തിട്ട് പ്രദേശത്തുനിന്നാണ് കോഴിപ്പോരുകാരെ പിടികൂടിയത്. തിലകർ നഗർ നിവാസികളായ ചിന്നത്തമ്പി, പ്രതാപ് എന്നിവരുടെ നേതൃത്വത്തിലാണ് നിയമവിരുദ്ധമായ കോഴിപ്പോര് സംഘടിപ്പിച്ചിരുന്നത്. പണം വച്ച് പന്തയം കൂടാനും നിരവധിപ്പേർ എത്തിയിട്ടുണ്ടായിരുന്നു. ചിന്നത്തമ്പിയേയും പ്രതാപിനേയും അറസ്റ്റ് ചെയ്ത പൊലീസ് നാല് പോരുകോഴികളേയും കസ്റ്റഡിയിലെടുത്തു.
പിറ്റേദിവസം പ്രതികൾ രണ്ടുപേരും സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി. പക്ഷേ പോരുകോഴികൾ തൊണ്ടിമുതലുകൾ ആയതുകൊണ്ട് തിരികെ കൊടുക്കാനാകില്ല. കഴിഞ്ഞ അഞ്ച് ദിവസമായി മുതലിയാർപേട്ട് സ്റ്റേഷൻ മുറ്റത്ത് സ്ഥാപിച്ച കൂടുകളിൽ ലോക്കപ്പിലാണ് ഇവർ. ജാവ, കലിവ, കതിർ, യഗത്ത് എന്നിങ്ങനെയാണ് കോഴികളുടെ പേര്. കോഴിപ്പോരിനായി പ്രത്യേകം പരിപാലിച്ച്, പ്രത്യേക ഭക്ഷണക്രമം ഒക്കെ നൽകി പരിശീലിപ്പിച്ചെടുക്കുന്നവയാണ് ഇവ.
പോരിൽ കാണിക്കുന്ന ഉശിരും ശൗര്യവും അനുസരിച്ച് പതിനായിരം മുതൽ ഒരു ലക്ഷം വരെയൊക്കെയാണ് പോരുകോഴികളുടെ മോഹവില. ഏതായാലും കേസിനൊരു തീർപ്പാകുന്നതു വരെയോ അല്ലെങ്കിൽ നിയമപ്രകാരം ലേലം ചെയ്ത് വിൽക്കുന്നതുവരെ ഇവയെ പരിപാലിക്കുക പൊലീസുകാരുടെ ഉത്തരവാദിത്തമാണ്. കാലിത്തീറ്റയാണ് നിലവിൽ തീറ്റയായി കൊടുക്കുന്നതെന്ന് പൊലീസുകാർ പറഞ്ഞു. കോഴിപ്പോര് നടത്തുന്നത് കുറ്റകരമല്ല. പണപ്പന്തയം വച്ച് പോര് നടത്തുന്നതും പോരുകോഴികളുടെ കാലിൽ കത്തി കെട്ടിവച്ച് പോരിനിറക്കുന്നതും കുറ്റകരമാണ്. നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും പൊങ്കൽക്കാലത്ത് തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും പണം വച്ചും കത്തി കെട്ടിവച്ചുമെല്ലാം കോഴിപ്പോര് സജീവമാണ്.