സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന മകനെ പിതാവ് പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് തലക്കടിച്ചു കൊന്നു

മധുരൈ: മദ്യപിച്ച് വീട്ടിലെത്തിയ മകനെ പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലക്കടിച്ചു കൊന്നു. മധുരൈ സ്വദേശിയായ പ്രവീണ്‍ (21) ആണ് കൊല്ലപ്പെട്ടത്. മധുരൈയിലെ മുല്ലൈ നഗര്‍ സ്വദേശികളാണ് പ്രവീണും പിതാവ് ജി രാംദോസും(47). വെള്ളിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. സ്ഥലത്തെ വെല്‍ഡിങ് ഷോപ്പില്‍ ജോലി ചെയ്തു വരുകയാണ് പ്രവീണ്‍. ജോലി കഴിഞ്ഞ് പതിവായി മദ്യപിച്ചായിരുന്നു പ്രവീണ്‍ വീട്ടിലെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് രാംദോസുമായി നിരന്തരം വാക്കുതര്‍ക്കവുമുണ്ടായിരുന്നു. സംഭവ ദിവസവും പ്രവീണ്‍ അമിതമായി മദ്യപിച്ചായിരുന്നു വീട്ടിലെത്തിയത്. തുടര്‍ന്ന് പിതാവുമായി വാക്കുതര്‍ക്കമുണ്ടായി. വഴക്കിനിടയില്‍ പ്രവീണ്‍ പിതാവിനെ ചവിട്ടി. ഇതോടെ പ്രകോപിതനായ രാംദോസ് അടുക്കളയില്‍ ഇരുന്ന പ്രഷര്‍ കുക്കര്‍ എടുത്ത് മകന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു.

ഇടിയേറ്റ ഉടനെ പ്രവീണ്‍ ബോധരഹിതനായി വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ രാംദോസ് അടക്കമുള്ളവര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രവീണ്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ രാംദോസിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News