‘ആ രഹസ്യം അമ്മയോടു പോലും പറഞ്ഞിട്ടില്ല, അവള്‍ എന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു’; നവ്യാ നായര്‍

മലയാളി പ്രേക്ഷരുടെ പ്രിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. തന്റെ സ്‌കൂള്‍ കാലഘട്ടത്തെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

”സ്‌കൂളില്‍ പോകാന്‍ നല്ല ഇഷ്ടമായിരുന്നു. കായംകുളത്തെ സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലാണ് ആദ്യമായി പോയത്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാവരും പരസ്പരം ഫുള്‍ നെയിം ആണ് വിളിക്കുന്നത്. എടീ, പോടീ, എടോ ഇത്തരം വിളികള്‍ ഒന്നുമില്ല. എന്തോ പറഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടിയോട് താനൊന്ന് പോടോ എന്ന് വെറുതേ പറഞ്ഞു. അത് ആ കുട്ടി വലിയ പ്രശ്നമാക്കി. ഞാനെന്തോ തെറ്റ് ചെയ്ത ഭാവം എനിക്കും. അത് ടീച്ചറോട് പറഞ്ഞ് കൊടുക്കാതിരിക്കാന്‍ അവര്‍ക്ക് കൊടുക്കേണ്ടി വന്നത് ഒരു വര്‍ഷത്തെ എന്റെ ഇന്റര്‍വെല്‍ സ്നാക്സാണ്.

ചെറിയ കുട്ടികള്‍ക്ക് ഇന്റര്‍വെല്ലിന് കഴിക്കാന്‍ സ്നാക്സ് കൊണ്ട് പോകുന്ന പതിവുണ്ടായിരുന്നു. ആ കൊല്ലം മുഴുവന്‍ ഞാന്‍ കൊണ്ട് പോയിരുന്ന സ്നാക്സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവള്‍ക്ക് കൊടുക്കും. ഞാന്‍ ഒന്നും കഴിക്കാതെയിരിക്കും. വീട്ടില്‍ സ്പെഷ്ല്‍ സ്നാക്സ് വാങ്ങുമ്പോള്‍ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്‌കൂളില്‍ പോകുമ്പോള്‍ തരാമെന്ന്.

എന്റെ പൊന്നമ്മേ കൊണ്ട് പോകുന്നതൊന്നും എനിക്ക് കഴിക്കാന്‍ പറ്റില്ല എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കൈയില്‍ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു കൊല്ലം എന്റെ സ്നാക്സ് മുഴുവന്‍ അവള്‍ കഴിച്ചു. പരീക്ഷയൊക്കെ വരുമ്പോള്‍ അവള്‍ക്കറിയാത്തതൊക്കെ ഞാന്‍ കാണിച്ച് കൊടുക്കണം. രണ്ടാം ക്ലാസായപ്പോള്‍ ആ കുട്ടി വേറെ ക്ലാസിലായി. അന്ന് മുതലാണ് ഞാന്‍ ശ്വാസം നേരെ വിട്ടത് ” നവ്യാ നായര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News