ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളിയായ അച്ഛനും മകനും മരിച്ചു. എയര്‍ഫോഴ്സ് മുന്‍ ഉദ്യോഗസ്ഥന്‍ പത്തനംതിട്ട തൊണ്ടത്തറ തയ്യില്‍ വീട്ടില്‍ പരേതനായ ടി.കെ സാമുവലിന്റെ മകന്‍ ടി.എസ് ചെറിയാന്‍ (73), മകന്‍ നിധിന്‍ ചെറിയാന്‍ (36) എന്നിവരാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
മകന്‍ നിധിന്‍ ശനിയാഴ്ച രാത്രി 12നും അച്ഛന്‍ ഇന്നു രാവിലെ എട്ടിനുമാണ് മരിച്ചത്. കിഴക്കന്‍ ഡല്‍ഹിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു ടി.എസ്. ചെറിയാന്‍. ഖാദി ബോര്‍ഡ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
മകന്‍ നിധിന്‍ ചെറിയാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹങ്ങള്‍ സീമാപുരിയിലെ പൊതു ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ദഹിപ്പിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതലയോഗം ചേര്‍ന്നു. കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ കൊവിഡ് വ്യാപനം ശക്തമാകുന്നതും വാക്സിനേഷന്‍ പുരോഗമിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.
രാജ്യത്ത് ഇന്നലെ 93,249 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സപ്തംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 513 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.
രാജ്യത്ത് ഇതുവരെ 1,24,85,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,16,29,289 പേര്‍ രോഗമുക്തി നേടി. 6,91,597 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,623 ആയി. ഇന്നലെ 7,59,79,651 പേര്‍ വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം കൊവിഡിന്റെ രണ്ടാം വരവില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് മുംബൈ നഗരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 9,090 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേസമയത്ത്, 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 5322 പേര്‍ക്കാണ് രോഗം ഭേദമായത്.
നഗരത്തില്‍ ഇതുവരെ 3.66 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 62,187 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ 8832 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സംസ്ഥാനത്തും കേസുകള്‍ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 47827 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. മരണ സംഖ്യയും ഉയര്‍ന്നു. 202 പേരാണ് മരിച്ചത്.
പൂനെയിലും സ്ഥിതി ഗുരുതരമാണന്നാണ് വിവരം. പുനെയില്‍ 10,873 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 52 പേര്‍ മരണത്തിന് കീഴടങ്ങി. 84.49 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്.