KeralaNews

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർ നടപടികളും ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് കേരള സർക്കാരും പരാതിക്കാരും ഇന്നലെ കോടതിയിൽ വാദിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് സൂചിപ്പിച്ചു ഈ കേസിനെ സാധാരണമായി പരിഗണിക്കരുതെന്നും വിശാല അർഥത്തിൽ കാണണമെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. കേസിലെ സാഹചര്യം പൂർണമായും വിശദീകരിക്കാൻ കഴിയുമെന്നും പരാതിക്കാരിക്കു വേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു. പിന്നാലെയാണ് ‘ഇത്തരം കാര്യങ്ങൾ’ നടക്കുന്ന സിനിമ വ്യവസായം മലയാളത്തിലേതു മാത്രമല്ലെന്ന കോടതിയുടെ പരാമർശം. ഇതിനു മറുപടിയായി സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളും പരാതിക്കാരി ഉയർത്തി. 

‘‘സിദ്ദിഖ് ഉപയോഗിച്ച ഭാഷ നോക്കു. അയാളുടെ പെരുമാറ്റം നോക്കു. ഫെയ്സ്ബുക്കിലെ പടങ്ങൾക്ക് ലൈക്ക് ചെയ്ത് സിദ്ദിഖ് പരാതിക്കാരിയെ സമീപിക്കുമ്പോൾ അവർക്ക് 19 വയസ്സു മാത്രമായിരുന്നു പ്രായം. ഹോട്ടൽ മുറിയിൽ സംഭവിച്ചത് എന്താണെന്ന കാര്യം വിശദമായി പറഞ്ഞിട്ടുണ്ട്’’– വമ്പന്മാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ ഇതാണ് അവസ്ഥയെന്നും പരാതിക്കാരിക്കു വേണ്ടി ഗ്രോവർ ചൂണ്ടിക്കാട്ടി. എന്നാൽ കേസിൽ, സിദ്ദിഖിനെതിരായ അറസ്റ്റ് നടപടി സുപ്രീം കോടതി തടഞ്ഞു. സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടിസയച്ച കോടതി, കക്ഷികളിൽനിന്നു മറുപടി ലഭിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിനോടു കോടതി നിർദേശിച്ചു. 

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരായ അറസ്റ്റ് നടപടി സുപ്രീം കോടതി തടഞ്ഞു. സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നോട്ടിസയച്ച കോടതി, കക്ഷികളിൽ നിന്നു മറുപടി ലഭിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി. സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പർ താര നടനാണെന്നും പരാതിക്കാരിയുമായുള്ള പ്രായവ്യത്യാസം ഉൾപ്പെടെ മുൻകൂർ ജാമ്യത്തെ എതിർത്ത അതിജീവിതയുടെ അഭിഭാഷകയും കേരള സർക്കാരിന്റെ അഭിഭാഷകയും ചൂണ്ടിക്കാട്ടി.

പരാതി വൈകിയതും പരാതിക്കാരി 2019 മുതൽ 2022 വരെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകളും ഉൾപ്പെടെ സിദ്ദിഖിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടി. മലയാളത്തിലെ അറിയപ്പെടുന്ന നടനായ സിദ്ദിഖ് കേസിന്റെ ഏതു ഘട്ടത്തിലും ലഭ്യമാകുമെന്നും എവിടേക്കും ഓടിപ്പോകില്ലെന്നും മുകുൾ റോഹത്ഗി വാദിച്ചു. 

എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടും ഇതിൽ സ്വീകരിക്കുന്ന നടപടികളും വിശദീകരിച്ച് കേരള സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ  ഐശ്വര്യാ ഭാട്ടി മുൻകൂർ ജാമ്യം എതിർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമാ മേഖലയിൽനിന്നുള്ളവർക്കെതിരെ 29 കേസുകളെടുത്തു കഴിഞ്ഞു. ഇതിൽ നടപടി സ്വീകരിച്ചുവരികയാണു തുടങ്ങിയ വാദങ്ങളും കേരളം ഉന്നയിച്ചെങ്കിലും ഇടക്കാല സംരക്ഷണം നൽകുന്നുവെന്ന നിലപാടിൽ കോടതി ഉറച്ചു നിന്നു.

വഴങ്ങണം, സഹകരിക്കണം തുടങ്ങിയ അർഥത്തിൽ അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകൾ തന്നെ മലയാള സിനിമയിലുണ്ടെന്നും പ്രതിയും പരാതിക്കാരിയും തമ്മിലുള്ള പ്രായവ്യത്യാസം പരിഗണിക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ നിലപാട്. 19 വയസ്സുള്ളപ്പോഴാണു പരാതിക്കാരിക്ക് സിദ്ദിഖിൽനിന്നു മോശം പെരുമാറ്റമുണ്ടായത്.

വർഷങ്ങൾക്കു മുൻപേ സമൂഹമാധ്യമത്തിൽ പിന്തുടർന്നാണ് സിദ്ദിഖ് അവസരം നൽകാമെന്നു പറഞ്ഞു സമീപിച്ചതും പീഡിപ്പിച്ചതുമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവു പുറപ്പെടുവിക്കുന്നതിനിടയിലും തടസ്സ ഹർജി നൽകിയവർ കോടതിയിൽ വാദം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും ഇടക്കാല സംരക്ഷണം നൽകുകയാണെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker