‘പി ശശിക്കെതിരായ പരാതി പുറത്ത് വന്നാല്‍ വലിയ കോളിളക്കമുണ്ടാകും; പി വി അന്‍വർ

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ താന്‍ നല്‍കിയ പരാതി പുറത്തുവന്നാല്‍ വലിയ കോളിളക്കമുണ്ടാകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനമെന്ന സൂചന കൃത്യമായി ഉണ്ട്. പരാതിയിലെ ചില കാര്യങ്ങള്‍ വളരെ ഗൗരവമേറിയതാണ്. പാര്‍ട്ടിക്ക് വളരെ സ്വകാര്യമായി നല്‍കിയ പരാതിയാണതെന്നും പി വി അന്‍വര്‍ പറഞ്ഞു.

പി ശശിക്കെതിരായ പരാതിയില്‍ ലൈംഗിക പീഡന ആരോപണത്തെക്കുറിച്ചുള്ള സൂചനയുണ്ട്. പാര്‍ട്ടിയോട് കൃത്യമായി അന്വേഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ അവിടെ നടക്കുന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് പരാതി. താന്‍ അറിഞ്ഞ കാര്യങ്ങളാണ് പാര്‍ട്ടിയോട് പരാതിപ്പെട്ടത്. പരാതി കൊടുത്തതിന് ശേഷം ചില നേതാക്കള്‍ തന്നെ ബന്ധപ്പെട്ടു. പി ശശിക്കെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടതായും അൻവർ പറഞ്ഞു.

ആ പരാതി പാര്‍ട്ടിയെയോ ഭരണത്തെയോ ബാധിക്കുന്നതല്ല. പി ശശിയെ മാറ്റി നിര്‍ത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. താന്‍ കൊടുത്ത പരാതികളിലെ ഏറ്റവും ഗൗരവം കുറഞ്ഞ വിഷയമാണിത്. അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ തനിക്ക് മാനസിക പ്രയാസങ്ങള്‍ നല്‍കുന്നതാണ്. ഒരിക്കലും ഇങ്ങനെ പറയേണ്ടി വരുമെന്ന് കരുതിയല്ല. അന്വേഷണം സത്യസന്ധമായി പോകുമെന്നാണ് കരുതിയത്. പരാതിയിലെ കാര്യങ്ങള്‍ പുറത്തുപറയുന്നത് വളരെ ആലോചിച്ച ശേഷമായിരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News