കൊച്ചി:മലയാള സിനിമയിൽ വ്യത്യസ്തമായ കരിയർ ഗ്രാഫുണ്ടായ നടനാണ് മുകേഷ്. നിരവധി സിനിമകളിൽ നായകനായി ഒരു കാലത്ത് തിളങ്ങാൻ ഒരു കാലത്ത് മുകേഷിന് സാധിച്ചു. ഗോഡ്ഫാദർ ഉൾപ്പെടെയുള്ള മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ നായക നടൻ മുകേഷായിരുന്നു. എന്നാൽ നായക നിരയിൽ തന്നെ മുകേഷ് പിന്നീട് തുടർന്നില്ല.
കരിയറിലെ മികച്ച സമയത്ത് തന്നെ സഹനടനായുള്ള വേഷങ്ങളും മുകേഷ് ചെയ്തു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി തുടങ്ങിയ നടൻമാർ കരിയറിൽ കുതിച്ചുയരവെ ഇത്തരത്തിലൊരു ഗ്രാഫ് മുകേഷിനുണ്ടായില്ല. ഇവരുടെ സിനിമകളിൽ സഹനായക വേഷങ്ങൾ നടൻ ചെയ്യുകയുമുണ്ടായി.
മുകേഷിന്റെ കരിയറിൽ സംഭവിച്ചതെന്തെന്ന് പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്. സിനിമാ ലോകത്തെ അറിയാക്കഥകൾ പറയുന്നതിൽ മിടുക്കനുമാണ് മുകേഷ്. സിനിമാ ലോകത്തെ മിക്കവരുമായും അടുത്ത സൗഹൃദമാണ് മുകേഷിനുള്ളത്.
മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരെക്കുറിച്ചുള്ള കഥകൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ പല കഥകളും അദ്ദേഹം ഇതിനകം പങ്കുവെച്ചു.
ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് ജഗദീഷ് പങ്കുവെച്ച ഒരു കഥയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. വന്ദനം എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവമാണ് ജഗദീഷ് പങ്കുവെച്ചത്.
‘വന്ദനം ഷൂട്ട് നടക്കുമ്പോൾ മോഹൻലാലിന്റെ പിറകെ ഓട്ടോഗ്രാഫുമായി നിറയെ ആളുകൾ. നീ നോക്കിക്കോ അടുത്ത വർഷമാവുമ്പോൾ എന്റെ പിറകെ ഇതേപോലെ ആളുകൾ ക്യൂ നിൽക്കുമെന്ന് എന്ന് മുകേഷ് പറയാൻ നേരത്തെ ഒരാൾ ഫോട്ടോ സർ പ്ലീസ് എന്ന് പറഞ്ഞ് വന്നു’
‘എടുത്തോ, എടുത്തോ ഇതൊരു തുടക്കം മാത്രം കണ്ടോടെയെന്ന് മുകേഷ്. ഫോട്ടോ എടുത്ത് അയാൾ പറഞ്ഞു ത്രീ കോപ്പീസ് 50 റുപ്പീസെന്ന്’
‘പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്ത് കൊടുക്കുന്ന ആളായിരുന്നു,’ ജഗദീഷ് പറഞ്ഞതിങ്ങനെ. മുമ്പൊരിക്കൽ അമൃത ടിവിയിലെ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുകേഷിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കോമഡി സിനിമയായ ഇൻ ഹരിഹർ നഗറിൽ ജഗദീഷ് അഭിനയിച്ചിട്ടുണ്ട്. ജഗദീഷ്, മുകേഷ്, അശോകൻ, സിദ്ദിഖ് എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. 2 ഹരിഹർനഗർ, ഇൻ ഗോസ്റ്റ് ഹൗസ് എന്നീ തുടർച്ചകളും ഈ സിനിമയ്ക്കുണ്ടായി.
താനെന്ത് കൊണ്ട് ഒരു സൂപ്പർ സ്റ്റാറായി മാറിയില്ലെന്ന് മുകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമകളിലെ സ്ഥിരം താരമായതിനാൽ മറ്റ് ഫിലിം മേക്കേർസ് തന്നെ മാറ്റി നിർത്തിയെന്നാണ് മുകേഷ് പറഞ്ഞത്.
എന്ത് കൊണ്ട് സൂപ്പർ സ്റ്റാറായില്ലെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഞാനും കുറേ ആലോചിച്ചിട്ടുണ്ട്. അങ്ങോട്ട് പോയി അവസരങ്ങൾ ചോദിച്ചിട്ടില്ലായിരിക്കും. പിന്നീടാണ് അക്കാര്യം മനസ്സിലായത്. സിദ്ദിഖ്-ലാലിനോടുള്ള ദേഷ്യം പലരും എന്നോട് തീർത്തു.
കാരണം അവരുടെ സിനിമകൾ ഇറങ്ങുമ്പോൾ വൻ വിജയമാവുകയും മറ്റുള്ളവരുടെ സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. പലപ്പോഴും ഇത് മൂലം സിനിമകളുടെ റിലീസ് തന്നെ മാറ്റി വെക്കേണ്ട സാഹചര്യമുണ്ടായി. സിദ്ദിഖ് ലാലിന് നിങ്ങളെ മതിയെന്ന് പലരും പറയുമായിരുന്നു.
ആ കാലഘട്ടത്തിൽ പ്രധാന സിനിമകൾ ചെയ്തിരുന്നവർ പോലും തനിക്ക് വേഷങ്ങൾ തന്നില്ലെന്നും മുകേഷ് തമാശ രൂപേണ പറഞ്ഞു. സിനിമകളിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല മുകേഷ്.