കൊച്ചി: പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എം.കെ പ്രസാദ് (89)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു അദ്ദേഹം പരിസ്ഥിതി മേഖലയിലേക്ക് എത്തിയത്.
പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐ.ആർ.ടി.സിയുടെ ( Integrated rural technology centre ) നിർമാണത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന പ്രഭാഷകനും പ്രകൃതി സ്നേഹിയുമായിരുന്നു. സേവ് സൈലന്റ് വാലി ക്യാമ്പയിൻ മുൻനിരയിൽ നിന്ന് നയിച്ച വ്യക്തി കൂടിയാണ്.
യൂണൈറ്റ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം ഒട്ടേറെ പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ്, മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണ മേഖലയിൽ ഒട്ടനവധി സംഭാവന നൽകാൻ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു. അധ്യാപകൻ, പ്രഭാഷകൻ എന്നീ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ്.