26.3 C
Kottayam
Sunday, May 5, 2024

കുരങ്ങുപനിക്ക് കാരണം കോവിഡ് വാക്‌സിനാണെന്ന് പ്രചാരണം; വ്യാജവാർത്തകളെ കരുതിയിരിക്കണമെന്ന് ഗവേഷകർ

Must read

ന്യൂഡല്‍ഹി: കോവിഡ് വ്യാപന കാലത്ത് വൈറസുമായി ബന്ധപ്പെട്ട് നിരവധി അസംബന്ധ കഥകളാണ് സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്നത്. ഇപ്പോള്‍ കുരങ്ങുപനി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സമാനമായ വ്യാജകഥകള്‍ വീണ്ടും പ്രചരിക്കുകയാണ്. കോവിഡ് വാക്സിനുകളുമായി ബന്ധപ്പെടുത്തിയാണ് കുരങ്ങുപനിയേക്കുറിച്ച് തെറ്റായ വാർത്തകള്‍ ലോകത്ത് പലയിടത്തും പ്രചരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് കാരണം കോവിഡ് വാക്‌സിനുകളാണെന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. കുരങ്ങുപനിക്ക് കാരണമാകുന്ന ഒരു ‘ചിമ്പാന്‍സി വൈറസ്’ കോവിഡ് വാക്സിനുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. കുരങ്ങുകളുടെ കോശങ്ങളില്‍നിന്നാണ് വാക്സിന്‍ ഉത്പാദിപ്പിക്കുന്നതെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ആസ്ട്രാസെനക വാക്‌സിനുകളില്‍ ഇത്തരം ചിമ്പാന്‍സി വൈറസുകളുടെ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണം.

ചിമ്പാന്‍സികളില്‍ ജലദോഷത്തിന് കാരണമാകുന്ന ഒരുതരം ദുര്‍ബലമായ വൈറസിനെ ജനിതക വ്യതിയാനം വരുത്തി വെക്ടര്‍ വൈറസുകളായി ആസ്ട്രസെനെക വാക്‌സിനില്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് ചിലർ ‘കുരങ്ങുപനി സിദ്ധാന്തം’ പടച്ചുവിടുന്നതിനു പിന്നിലുള്ളതെന്ന് ഗവേഷകർ പറയുന്നു. വ്യാജവാർത്തകള്‍ നിർമിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഇത്തരം വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

ആസ്ട്രാസെനക വാക്‌സിനില്‍ ഉപയോഗിക്കുന്ന വെക്ടർ വൈറസ് യഥാര്‍ഥത്തില്‍ മനുഷ്യരില്‍ ഒരു തരത്തിലും പ്രവര്‍ത്തിക്കില്ലെന്നും ദോഷമുണ്ടാക്കില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നീണ്ട കാലത്തെ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ ഇതിന്‍റെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുള്ളതാണ്. വാക്സിന്‍ നിർമാണത്തിന് ഏറ്റവും അനുയോജ്യമായത് എന്ന നിലയിലാണ് ഇത്തരം വൈറസുകള്‍ വാക്‌സിന്‍ നിർമാണത്തിന് ഉപയോഗിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ആസ്ട്രാസെനകയുടെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതില്‍ യാതൊരു ഭയവും വേണ്ടതില്ലെന്നും പ്രതിരോധ ശേഷിയുണ്ടാക്കുന്നതിന് വാക്‌സിന്‍ സഹായകമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ സാധാരണഗതിയിലുള്ള പാർശ്വഫലങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നത്. പനി, ശരീരവേദന തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ മാത്രമാണതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week