ന്യൂഡല്‍ഹി: അന്താരാഷ്ട്രവിപണിയില്‍ കോവിഷീല്‍ഡ് വാക്സിന്റെ വ്യാജപതിപ്പ് കണ്ടെത്തുകയും യുഎന്‍ അടക്കം മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വ്യാജന്മാരെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളടങ്ങിയ പട്ടികയും പുറത്തുവിട്ടു.
രാജ്യത്ത് നിലവില്‍ ഉപയോഗത്തിലുള്ള മൂന്ന് വാക്സിനുകളായ കോവിഷീല്‍ഡ്, കൊവാക്സിന്‍, സ്പുട്നിക്വി എന്നിവയെ വ്യാജന്മാരില്‍നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവയുടെ ലേബല്‍, കളര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ നിരീക്ഷിച്ചാണ് തിരിച്ചറിയാന്‍ നിര്‍േദശിച്ചിട്ടുള്ളത്.
രാജ്യത്ത് കോവിഷീല്‍ഡ് വാക്സിന്റെ വ്യാജന്‍ പ്രചാരത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും വ്യാജ കോവിഡ് വാക്സിനുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡബ്ള്യുഎച്ച്ഒയും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
കോവിഡ് മഹാമാരി പടരുന്നതിന് ഇനിയും ശമനമുണ്ടാകാത്ത ഘട്ടത്തില്‍ വാക്സിനുകളുടെ വ്യാജന്മാര്‍ വിപണിയിലെത്തുന്നത് രോഗികള്‍ക്കും ലോകത്തെ ആരോഗ്യസംവിധാനത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. കോവിഷീല്‍ഡ് വാക്സിനിന്റെ വ്യാജപതിപ്പെന്ന് സംശയിച്ച് പരിശോധനയ്ക്ക് നല്‍കിയപ്പോള്‍ അത് വ്യാജന്‍ തന്നെയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം കൂടുതലാണ്. 42,942 പേര്‍ക്കാണ് രോഗ മുക്തി. 290 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,30,58,843 ആയി. ആകെ രോഗ മുക്തര്‍ 3,22,24,937. ആകെ മരണം 4,41,042.നിലവില്‍ 3,92,864 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെയായി 69,90,62,776 പേര്‍ക്ക് വാക്സിന്‍ നല്‍കി.
കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള ഹൈക്കോടതി ഇന്നലെ കുറച്ചിരുന്നു.താത്പര്യമുള്ളവർക്ക് കൊവിഷിൽഡിൻ്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സീന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്സ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. കൊവിഷീൽഡ് വാക്സീൻ്റെ ഇടവേള കുറയ്ക്കുന്നതിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. എന്നാൽ ഈ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.
2021 ജനുവരിയിൽ വാക്സീനേഷൻ പ്രക്രിയ ആരംഭിക്കുമ്പോൾ കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയർത്തിയിരുന്നു. വാക്സീൻ്റെ ഗുണഫലം വർധിപ്പിക്കാനാണ് ഇടവേള വർധിപ്പിച്ചതെന്നായിരുന്നു സർക്കാർ വാദം.
രോഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവനക്കാർക്ക് പെട്ടെന്ന് വാക്സീൻ നൽകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവൻ ജീവനക്കാർക്കുമായുള്ള വാക്സീൻ തങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യഡോസ് നൽകുകയും ചെയ്തുവെന്നും എന്നാൽ സർക്കാർ നിശ്ചയിച്ച 84 ദിവസത്തെ ഇടവേള വരെ വാക്സീൻ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാൽ അടിയന്തരമായി രണ്ടാം ഡോസ് നൽകാൻ അനുമതി വേണം എന്നായിരുന്നു കിറ്റക്സിൻ്റെ ആവശ്യം.
84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും മറ്റു പ്രൊഫഷണലുകൾക്കും നിലവിൽ 28 ദിവസത്തെ ഇടവേളയിൽ വാക്സീൻ എടുക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്തെ പൗരൻമാർക്ക് രണ്ട് തരം നീതി വാക്സീൻ്റെ കാര്യത്തിൽ നടപ്പാക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി വാക്സീൻ സ്വീകരിക്കുന്നവർക്കെങ്കിലും 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകണമെന്ന് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി.
സർക്കാർ ആശുപത്രികൾ വഴിയുള്ള സൗജന്യ വാക്സീൻ സ്വീകരിക്കുന്നവർക്ക് നിലവിലെ പോലെ 84 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കാം. വാക്സീൻ ഇടവേള കുറച്ച് കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിൻ ആപ്പിലും വെബ്സൈറ്റിലും ഉൾപ്പെടുത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
84 ദിവസത്തെ ഇടവേള നിശ്ചയിക്കാൻ കാരണമെന്താണെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചിരുന്നു. ഇടവേള വർധിപ്പിച്ചാൽ കൊവിഷിൽഡിന്റെ ഗുണഫലം കൂടുമെന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി.എന്നാൽ അന്തിമവിധിയിൽ ഈ വാദത്തിന് ശാസ്ത്രീതമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.