മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് വെള്ളം നിഷേധിച്ചെന്ന് വ്യാജ ട്വീറ്റ്; ബി.ജെ.പി വനിത എം.പിക്കെതിരെ കേസെടുത്തു
മലപ്പുറം: മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് വെള്ളം നിഷേധിച്ചുവെന്ന ട്വീറ്റ് ചെയ്ത ബിജെപി വനിതാ എംപി ശോഭ കരന്തലജെക്കെതിരെ പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കുറ്റിപ്പുറം പോലീസ് കേസെടുത്തിരിക്കുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തകനായ ഗണേഷ് ഉള്‍പ്പടെ മറ്റ് ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നിയമ ഭേദഗതിയെ അനുകൂലിച്ച മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂര്‍ പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്നായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ്. കേരളം മറ്റൊരു കശ്മീരാകാനുള്ള ചെറിയ കാല്‍വെയ്പ് നടത്തിയെന്നാണ് ചിത്രസഹിതം എംപി ട്വീറ്റ് ചെയ്തത്. ആര്‍എസ്എസിന്റെ സേവാ വിഭാഗമായ സേവാഭാരതിയാണ് ഇവര്‍ക്ക് കുടിവെള്ളം നല്‍കുന്നതെന്നും സമാധാനവാദികളുടെ ഈ അസഹിഷ്ണുത ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമോ എന്നും അവര്‍ ചോദിച്ചു.
എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും കഴിഞ്ഞ വേനല്‍ കാലത്ത് കുടിവെള്ള വിതരണത്തിന്റെ ചിത്രം ഉപയോഗിച്ചാണ് ഇവര്‍ ട്വീറ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയിലെ ഉഡുപ്പി ചിക്കമംഗളൂരില്‍ നിന്നുള്ള എംപിയാണ് ശോഭ. ശോഭയുടെ പോസ്റ്റിനെതിരെ സുപ്രിംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെആര്‍ ആണ് മലപ്പുറം പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.