28.9 C
Kottayam
Saturday, May 11, 2024

ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാർത്ത;ഭായി 1000% ഫിറ്റാണ്: ഛോട്ടാ ഷക്കീൽ

Must read

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് പാകിസ്ഥാനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമുള്ള വാർത്തകൾ നിഷേധിച്ച് അടുത്ത സഹായി ഛോട്ടാ ഷക്കീൽ. “ഭായിയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം 1,000% ഫിറ്റാണ്,” ഛോട്ടാ ഷക്കീൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ വാർത്ത ദുരുദ്ദേശ്യത്തോടെ കാലാകാലങ്ങളായി പരക്കുന്ന കിംവദന്തികൾ മാത്രമാണെന്നും ഷക്കീൽ വ്യക്തമാക്കി.

പാകിസ്ഥാനിൽവച്ച് അദ്ദേഹത്തെ സന്ദർശിച്ചെന്നും ‘ഭായി’യെ നല്ല നിലയിലാണ് കണ്ടതെന്നും ഷക്കീൽ അവകാശപ്പെട്ടു. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സുരക്ഷാ വലയം 24 മണിക്കൂറും കാവലിരിക്കുന്നതിനാൽ വിഷം കലർത്താനുള്ള സാധ്യതയും ഛോട്ടാ ഷക്കീൽ തള്ളിക്കളഞ്ഞു.

ഇന്ത്യൻ ഏജൻസികൾ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ് 65-കാരനായ ദാവൂദ് ഇബ്രാഹിം. വർഷങ്ങളായി പാകിസ്ഥാനിലെ കറാച്ചിയിലാണ് ദാവൂദ് കഴിയുന്നത്. ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജൻസികൾ ഏറെക്കാലമായി നിഷേധിച്ചിരുന്നു.

എന്നാൽ, രണ്ടാം വിവാഹത്തിനു ശേഷം ദാവൂദ് കറാച്ചിയിലാണ് താമസിക്കുന്നതെന്ന് ദാവൂദിന്റെ സഹോദരിയുടെ മകൻ വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിന്‍റെ തലക്ക് എൻഐഎ 25 ലക്ഷം വിലയിട്ടിരുന്നു. 250 ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത 1993-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week