തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം. കഴിഞ്ഞ രാത്രിയാണ് ക്ഷേത്രത്തിലെ ഫോണില്‍ ഭീഷണി വന്നത്. ഫോണ്‍ അറ്റന്‍ഡ് ചെയ്ത ക്ഷേത്രത്തിലെ വാച്ചമാനാണ് സന്ദേശം ലഭിച്ചത്. ഇന്നു പുലര്‍ച്ചെ 5.30ന് ബോംബ് വയ്ക്കുമെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളാന്‍ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നു.
ഉടനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിലും ദേവസ്വം അധികൃതരെയും അറിയിക്കുകയും പോലീസും ഉദ്യോഗസ്ഥരും പരിശോധന നടത്തുകയും ചെയ്തു. ഫോണിന്റെ ഉറവിടം കണ്ടെത്താന്‍ സിഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വനിതാ മാവോയിസ്റ്റ് ഗുരുവായൂരില്‍ എത്തിയിട്ടുണ്ടെന്ന സന്ദേശം വ്യാഴാഴ്ച വൈകിട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ബോംബ്-ഡോഗ് സ്ക്വാഡുകള്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു. രാത്രിയോടെയാണ് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്.
പിന്നീട് ഒന്പതേക്കാലോടെയാണ് ക്ഷേത്രത്തിലേക്ക് ഈ സന്ദേശം എത്തിയത്. ഇതിനു മുന്‍പും ക്ഷേത്രത്തിലേക്ക് ബോംബ് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. അന്ന് വിളിച്ച ആളുകളെ കണ്ടെത്തിയിരുന്നു.