KeralaNews

‘കൈക്കുഞ്ഞുണ്ട്, പരിചരണം നല്‍കണം രാഖിയുടെ വാദം പരിഗണിച്ചു, വ്യാജരേഖാ കേസില്‍ ഇടക്കാല ജാമ്യം

കൊല്ലം : കൊല്ലത്ത് സർക്കാർ ജോലിക്ക് വേണ്ടി വ്യാജരേഖകൾ തയാറാക്കിയതിന് അറസ്റ്റിലായ ആർ രാഖിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൊല്ലം ജുഡീഷ്യൻ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. കൈക്കുഞ്ഞുണ്ടെന്നും പരിചരിക്കാൻ താൻ അടുത്ത് വേണമെന്നുമുള്ള രാഖിയുടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് തീരുമാനം.

ചൊവ്വാഴ്ച രാഖിയോട് തുറന്ന കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കസ്റ്റഡി അപേക്ഷ നൽകും.  വാളത്തുങ്കലിൽ താമസിക്കുന്ന എഴുകോൺ സ്വദേശിനിയായ രാഖി ഇന്നലെയാണ് വ്യാജരേഖകളുമായി കരുനാഗപ്പളളി താലൂക്ക് ഓഫിസിലും പി എസ് സി ജില്ലാ ഓഫീസിലും എത്തിയത്.

സർക്കാർ ജോലി ലഭിക്കാത്തതിലെ മാനസിക സംഘർഷത്തിൽ സ്വയം വ്യാജരേഖ തയാറാക്കിയതെന്നാണ് യുവതിയുടെ മൊഴി. രാഖിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. 

ഇന്നലെയാണ് കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ നിന്നും രാഖി അറസ്റ്റിലായത്. റവന്യൂ വകുപ്പിൽ എൽ ഡി ക്ലാർക്കായി നിയമനം ലഭിച്ചെന്ന വ്യാജ ഉത്തരവുമായാണ് രാഖി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ എത്തിയത്. കുടുംബ സമേതം രാവിലെ പത്തരയോടെയാണ് രാഖി ഇവിടെ എത്തിയത്. അഡ്വൈസ് മെമോയും നിയമന ഉത്തരവും ഉൾപ്പെടെ ഹാജരാക്കി.

രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒറ്റനോട്ടത്തിൽ തന്നെ തട്ടിപ്പ് ആണെന്ന സംശയം തോന്നി. റവന്യൂവകുപ്പിൽ ജോലി നേടുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടറാണ് ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിലുണ്ടായിരുന്നത് റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍റെ ഒപ്പായിരുന്നു. കളക്ടറുടെ ഒപ്പ് ഇല്ലാത്തതിനാൽ സ്വാഭാവികമായുണ്ടായ സംശയമാണ് രാഖിയെ അകത്താക്കിയത്.

അങ്ങനൊരു തസ്തികയേ ഇല്ലാത്തതിനാൽ കരുനാഗപ്പള്ളി തഹസീൽദാർ, ജില്ലാ പി എസ് സി ഓഫീസിനെ സമീപിക്കാൻ നിർദേശിച്ചു. ഒപ്പം കരുനാഗപ്പള്ളി പൊലീസിനും കളക്ടര്‍ക്കും പരാതി നൽകി. കുടുംബസമേതം പി എസ് സി ഓഫീസിലും വ്യാജ രേഖകളുമായി ചെന്ന രാഖി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എൽ ഡി. ക്ലാർക്ക് പരീക്ഷയിൽ 22ാം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റും കാണിച്ചു. പരിശോധനയിൽ റാങ്ക് ലിസ്റ്റിൽ രാഖിയില്ലെന്ന് മനസിലാക്കിയ പി എസ്‍ സി ഉദ്യോഗസ്ഥര്‍ രാഖിയേയും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനേയും തടഞ്ഞുവച്ചു. ശേഷം പൊലീസിനെ വിവരം അറിയിച്ചു.

രാഖിയെ പൂര്‍ണമായും വിശ്വസിച്ച റെയിൽവേ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മാധ്യമങ്ങളെ വിളിച്ചുവരുത്തി ഉദ്യോഗാര്‍ത്ഥിയെ പി എസ്‍ സി ഉദ്യോഗസ്ഥര്‍ തടഞ്ഞു വച്ചുവെന്ന് വിളിച്ചറിയിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒൻപത് മാസങ്ങൾക്ക് മുമ്പ് അഡ്വൈസ് മെമോയും ഈ മാസം മൂന്ന് എന്ന തീയതിയിൽ നിയമന ഉത്തരവും വ്യാജമായി തയ്യാറാക്കി സ്വന്തം വിലാസത്തിലേക്ക് അയച്ചെന്ന് കണ്ടെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker