പുതിയ കഥകൾകൊണ്ട് ഫഹദ് എപ്പോഴും അദ്ഭുതപ്പെടുത്തുന്നു:സൂര്യ
ചെന്നൈ:ഫഹദ് ഫാസിലിനെ അഭിനന്ദിച്ച് നടൻ സൂര്യ. മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സൂര്യ ഫഹദിനെ അഭിനന്ദിച്ചിരിക്കുന്നത്.
ഫാസിൽ സാറിനോട് സ്നേഹവും ബഹുമാനവും. ഫഹദ്, പുതിയ കഥകൾകൊണ്ട് നിങ്ങളെന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നു. ഈ വ്യത്യസ്ത ശ്രമത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. സിനിമയുടെ ആദ്യ ട്രെയ്‌ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
30 വർഷങ്ങൾക്ക് ശേഷം എ.ആർ. റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. റഹ്മാന്റെ ഈണത്തിൽ വിജയ് യേശുദാസ് ആലപിച്ച ഗാനം രണ്ട് ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു, മഹേഷ് നാരായണനാണ് തിരക്കഥാകൃത്തും ഛായാഗ്രഹകനും.
ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും.