കൊല്ലം: ബിവറേജ് ഷോപ്പില്‍നിന്നു വാങ്ങിയ മദ്യം കഴിച്ചു യുവാവിനു കാഴ്ചശക്തി നഷ്ടപ്പെട്ടതായുള്ള പരാതിയില്‍ എക്‌സൈസ് അന്വേഷണം പുരോഗമിക്കുന്നു. പരാതിയെത്തുടര്‍ന്ന് എഴുകോണിലെ ബിവറേജസ് ശാലയില്‍ എക്‌സൈസ് പരിശോധന നടത്തിയിരുന്നു.
രണ്ടു പേരാണ് ഇവിടെനിന്ന് ഒപിആര്‍ മദ്യം വാങ്ങി കഴിച്ചത്. അതില്‍ ഒരാള്‍ക്കു കാഴ്ചശക്തി കുറയുന്നതായുള്ള പരാതിയെതുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മദ്യം കഴിച്ചുകഴിഞ്ഞപ്പോള്‍ കാഴ്ച ശക്തി കുറഞ്ഞെന്നു പരാതിപ്പെട്ടയാളെ മറ്റുള്ളവര്‍ പിടിച്ചാണ് ആംബുലന്‍സിലും മറ്റും കയറ്റിയത്. ഇതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കോട്ടാത്തല സ്വദേശിയാണ് ഇയാള്‍. എന്നാല്‍, ഇയാളുടെ കാഴ്ചശക്തിക്ക് ഇപ്പോള്‍ കുഴപ്പൊന്നുമില്ലെന്നു പരിശോധനയില്‍ വ്യക്തമായെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതേസമയം, പരിശോധനയ്ക്കയച്ച മദ്യത്തിന്റെ ഫലം ലഭിച്ചിട്ടില്ല. ബിവറേജസ് കഴിഞ്ഞ ദിവസം അടച്ചെങ്കിലും ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ബിവറേജസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതായും എക്‌സൈസ് സംഘം അറിയിച്ചു. ബുധനാഴ്ചയാണ് കോട്ടാത്തല സ്വദേശിയും സുഹൃത്തും മദ്യം കഴിച്ചത്. അന്നു വൈകിട്ടാണ് കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്.
എന്നാല്‍, കൂടെ മദ്യപിച്ച സുഹൃത്തിനോ ഇവിടെനിന്നു മദ്യം വാങ്ങിക്കഴിച്ച മറ്റുള്ളവര്‍ക്കോ കാഴ്ചയ്ക്കു പ്രശ്‌നം ഉണ്ടായതായി പരാതിയൊന്നും ലഭിച്ചില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. താത്കാലികമായി ഉണ്ടായ പ്രശ്‌നമാണോ അതോ യുവാവിന് അനുഭവപ്പെട്ട തോന്നലാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.