തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളൊഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അറബിക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയിരിക്കുകയാണ്. മത്സ്യബന്ധത്തിന് വിലക്ക് തുടരുന്നു.
മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം (Well Marked Low Pressure Area) തീവ്രന്യൂനമർദമായി (Depression ) മാറി. ഇന്ന് രാത്രിയോടെ പഞ്ചിമിനും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിനു മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്- പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യത. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ട സംഭവിച്ചിട്ടുണ്ട്. കൊല്ലം ചിതറയിൽ കാറ്റിൽ കാറിന് മുകളിലും കെട്ടിടത്തിന് മുമുകളിലും മരം വീണു. ആളപായം ഇല്ല. ചെങ്ങന്നൂർ ബുധനൂരിൽ രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു. കനത്ത മഴ തുടരുന്നതോടെ കൊച്ചിയിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ട് വന്നിരിക്കുകയാണ്. കെഎസ്ആർടിസി ബസ്റ്റാൻഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ബോൾഗാട്ടിയിൽ മഴയത്ത് ഒരു വീടിന്റെ കൂര ഇടിഞ്ഞുവീണു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം അറിയിച്ചത്.