തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍
മരിച്ചത്.കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ ഡ്രൈവര്‍ പടിയൂര്‍ സുനില്‍ (28) രാവിലെയാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി.
കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടായി. ശ്വാസ കോശത്തിന്റെയും വൃക്കയുടേയും പ്രവര്‍ത്തനത്തെ ബാധിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് മുതല്‍ സുനില്‍കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റീനില്‍ പോകുയും ചെയ്തിരുന്നു.
ഇയാള്‍ നേരത്തെ റിമാന്റ് പ്രതിയുമായി ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്റീന്‍ കേന്ദ്രത്തിലും പോയിരുന്നു. മറ്റ് സമ്പര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. എവിടെവെച്ചാണ് കോവിഡ് ബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല.