പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ ഇല്ലാത്തതിനെ തുടര്‍ന്ന്

തിരൂരങ്ങാടി: തൃക്കുളം പന്താരങ്ങാടിയില്‍ കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരിയായ ദളിത് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത് ഓണ്‍ലൈന്‍ പഠനത്തിന് ഫോണ്‍ ഇല്ലാത്തതില്‍ മനംനൊന്താണെന്ന് ബന്ധുക്കള്‍. തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകള്‍ അഞ്ജലി(15) യാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്.

കഴിഞ്ഞദിവസം വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസ് ടിവിയില്‍ നടക്കുന്നതിനിടെ കറന്റ് പോയതിനെത്തുടര്‍ന്ന് പഠനം തുടരാന്‍ കുട്ടി സഹോദരിയോട് മൊബൈല്‍ ചോദിച്ചു. എന്നാല്‍, തനിക്കും ഓണ്‍ലൈന്‍ പഠനം ഉള്ളതുകൊണ്ട് സഹോദരി വിസമ്മതിച്ചപ്പോള്‍ ഫോണ്‍ വാങ്ങിത്തരണമെന്ന് കുട്ടി പിതാവിനോട് ആവശ്യപ്പെട്ടു. പണിയില്ലാത്തതിനാല്‍ ഫോണ്‍ വാങ്ങാന്‍ നിര്‍വാഹമില്ലെന്നു പിതാവ് പറഞ്ഞതിന്റെ വിഷമത്തില്‍ കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ കുടുംബശ്മശാനത്തില്‍ സംസ്‌കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News