FeaturedKeralaNews

ഇ.പി.ജയരാജൻ മത്സരത്തിനില്ല, കെ.കെ.ശൈലജ മട്ടന്നൂരിൽ

കണ്ണൂർ:നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ സീറ്റ് വിഭജനം സംബന്ധിച്ച് ഏതാണ്ട് ധാരണയായതായി സൂചന. വ്യവസായമന്ത്രി ഇ.പി.ജയരാജൻ ഇക്കുറി മത്സരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇ.പി.ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോ​ഗ്യമന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.

മട്ടന്നൂരിനൊപ്പം പേരാവൂരും കല്ല്യാശ്ശേരിയും ശൈലജയ്ക്ക് അനുയോജ്യമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. ശൈലജ മത്സരിച്ച കൂത്തുപറമ്പ് സീറ്റ് ഘടകക്ഷിയായ എൽജെഡിക്ക് വിട്ടു കൊടുക്കാനാണ് നിലവിലെ ധാരണ.

ഇ.പി.ജയരാജൻ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ മറ്റൊരു മുതിർന്ന നേതാവായ എം.വി.​ഗോവിന്ദൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കളമൊരുങ്ങി. തളിപ്പറമ്പ് സീറ്റിൽ നിന്നും ​ഗോവിന്ദൻ മാസ്റ്ററെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.

മറ്റൊരു മുതിർന്ന നേതാവായ പി.ജയരാജനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചു പരാജയപ്പെട്ട പി.ജയരാജൻ്റെ കാര്യത്തിൽ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് കണ്ണൂർ ഘടകം.

പയ്യന്നൂരിൽ ടി.ഐ.മധുസൂദനൻ, കല്ല്യാശ്ശേരിയിൽ എം.വിജിൻ, തലശ്ശേരിയിൽ എ.എൻ.ഷംസീർ എന്നിങ്ങനെയാണ് മറ്റു സീറ്റുകളിൽ നിലവിൽ പരി​ഗണിക്കുന്ന പേരുകൾ. യുഡിഎഫ് സിറ്റിം​ഗ് സീറ്റായ പേരാവൂരിൽ ഇടത് സ്വതന്ത്രനെയിറക്കി മത്സരം കടുപ്പിക്കാനാണ് നീക്കം.

കെ.കെ.ശൈലജയുടെ പേരും പേരാവൂരിലേക്ക് പരി​ഗണിക്കണം എന്ന് അഭിപ്രായമുണ്ടായെങ്കിലും പിണറായിക്ക് ശേഷം ഈ ഭരണകാലത്ത് സർക്കാരിൽ നിർണായക ചുമതലകൾ വഹിച്ച ശൈലജ ടീച്ചറെ സുരക്ഷിതമായ സീറ്റിൽ മത്സരിപ്പിക്കണം എന്ന ചിന്തയും പാർട്ടിക്കുണ്ട്. ഇ.പി ജയരാജൻ തെര‍ഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചതോടെ അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടാനും സാധ്യതയേറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker