കവരത്തി:ലക്ഷദ്വീപ് യാത്രയുമായി ബന്ധപ്പെടുത്തി അഡ്മിനിസ്ട്രേറ്റർ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഇന്നുമുതൽ നിലവിൽ വരും. എഡിഎമ്മിന്റെ മുൻകൂർ അനുമതിയുളളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനമുളളൂ.
കോവിഡ് പശ്ചാത്തലം മുൻനിർത്തിയാണ് ദ്വീപിലേക്കുളള സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓരോ ദ്വീപിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കിൽ ദ്വീപ് സന്ദർശിക്കാൻ കഴിയുമായിരുന്നു. ഇന്നുമുതൽ അത് സാധ്യമല്ല. എഡിഎമ്മിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകുകയുളളൂ.
സംസ്ഥാനത്തെ പല രാഷ്ട്രീയ കക്ഷികളും തങ്ങളുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയയ്ക്കാൻ അപേക്ഷയുമായി എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നുളളത് ശ്രദ്ധേയമാണ്.
നിലവിൽ പാസ്സുളള വ്യക്തികൾക്ക് പോലും ഒരാഴ്ച പിന്നിട്ടുകഴിഞ്ഞാൽ ദ്വീപിൽ തങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. അവർക്ക് പാസ് പുതുക്കി നൽകണോ എന്ന് തീരുമാനിക്കേണ്ടത് എഡിഎമ്മാണ്. ഇന്നുമുതൽ ആ നിയന്ത്രണം കൂടി നിലവിൽ വന്നിരിക്കുകയാണ്.