കള്ളപ്പണക്കേസ്:രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ തെളിവ് ,ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ല, കോൺഗ്രസ് കുടുക്കിൽ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ (National Herald Case) കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ (Rahul Gandhi) തെളിവുണ്ടെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇഡി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെയായ കുരുക്ക് മുറക്കുകയാണ് എന്ഫോഴ്സ്മെന്റ്. രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന രാഹുലിന്‍റെ ആവശ്യം നിരാകരിച്ചാണ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം നല്‍കിയിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് ഹാജരാകാൻ നിർദേശം. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂര്‍ നേരമാണ് രാഹുലിന്‍റെ ചോദ്യം ചെയ്യൽ നീണ്ടത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇഡി രാഹുലിനെ കാണിച്ചു.
ഈ ഇടപാടുകളിലെ സംശയങ്ങളും രാഹുലിനോട് ചോദിച്ചറിഞ്ഞു. എന്നാൽ ഉത്തരങ്ങളും വിശദീകരണങ്ങളും തൃപ്തികരമല്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആകെ 25 ചോദ്യങ്ങളുടെ വിശദാംശങ്ങളാണ് ഇ ഡി അസിസ്റ്ററ്റ് ഡയറക്ടർ മോണിക്കാ ശർമ്മ നേതൃത്വം നൽകുന്ന സംഘം രാഹുലിനോട് ഇന്നലെ ചോദിച്ചറിഞ്ഞത്. അതേസമയം ചോദ്യം ചെയ്യലിനിടെ നിരവധി തവണ ഇടവേള എടുത്ത് ഉദ്യോഗസ്ഥർ സമയം നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെന്നാണ് വിവരം.
അതിനിടെ, ഇഡിയുടെ ചോദ്യം ചെയ്യലില്‍ തുടർനടപടികൾ ആലോചിക്കാൻ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ യോഗം ചേർന്നു. ഇന്നലെ രാത്രി വളരെ വൈകി സോണിയ ഗാന്ധിയുടെ വീട്ടിലാണ് യോഗം നടന്നത്. കടുത്ത നടപടികളിലേക്ക് ഇഡി കടന്നാൽ മുൻകൂർ നിയമ നടപടികളിലേക്ക് നീങ്ങരുതെന്ന രാഹുലിന്‍റെ നിർദ്ദേശം യോഗത്തില്‍ ചർച്ച ചെയ്തു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി കൂടുതൽ സമയം തേടും എന്നാണ് വിവരം.