32.3 C
Kottayam
Thursday, May 2, 2024

വിവാഹിതരാകാതെ ഒരുമിച്ചു ജീവിച്ചവരുടെ മക്കൾക്കും സ്വത്തവകാശം -സുപ്രീംകോടതി

Must read

ന്യൂഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ചുജീവിച്ച സ്ത്രീയെയും പുരുഷനെയും ഭാര്യാഭർത്താക്കന്മാരായി പരിഗണിക്കാമെന്നും ഇവരുടെ മക്കൾക്ക് പാരമ്പര്യസ്വത്തിൽ അവകാശമുണ്ടെന്നും സുപ്രീംകോടതി.ഹിന്ദു സ്വത്തവകാശവുമായി ബന്ധപ്പെട്ട കേസിൽ 2009-ലെ കേരള ഹൈക്കോടതിവിധിയെ ചോദ്യംചെയ്തുള്ള അപ്പീലിലാണ് ജസ്റ്റിസുമാരായ എസ്. അബ്ദുൾ നാസർ, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന വിധി.

കോഴിക്കോട് സ്വദേശി കെ.ഇ. കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ടാണ് കേസ്. കരുണാകരന് നാലുമക്കളാണ്. ഇതിൽ ചിരുതക്കുട്ടിയെന്ന സ്ത്രീയിൽ ജനിച്ച ദാമോദരനാണ് ഹർജിക്കാരൻ. പിതാവിന്റെ സ്വത്തവകാശം സംബന്ധിച്ച് ദാമോദരൻ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. ഏറെക്കാലം ഒരുമിച്ചുകഴിഞ്ഞ സ്ത്രീയും പുരുഷനും വിവാഹിതരായി എന്ന് കണക്കാക്കാമെന്നും ഇവരിൽ ജനിക്കുന്ന മക്കൾക്ക് സ്വത്തവകാശമുണ്ടെന്നും വ്യക്തമാക്കിയ വിചാരണക്കോടതി, കരുണാകരന്റെ സ്വത്ത് ദാമോദരനടക്കം മക്കൾക്കെല്ലാം തുല്യമായി വീതിക്കുകയും ചെയ്തു.

എന്നാൽ, ഇതിനെതിരേ കരുണാകരന്റെ മറ്റൊരു മകനായ അച്യുതന്റെ മക്കൾ നൽകിയ പരാതിയിൽ, സ്വത്ത് നൽകേണ്ടതില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇത് ചോദ്യംചെയ്ത് ദാമോദരൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദുചെയ്തു. 40 വർഷം പഴക്കമുള്ള കേസാണിത്. വിചാരണക്കോടതിയുടെ പ്രാഥമിക ഉത്തരവ് കേസിന്റെ തീർപ്പിലേക്കുള്ള തുടക്കമായി കണക്കാക്കാമെന്നും ഇത്തരം കേസുകൾ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week