24.7 C
Kottayam
Friday, May 17, 2024

എൽദോസ് കുന്നപ്പിളളിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി;പരാതിക്കാരിയുമായി അടുപ്പമുണ്ടെന്നതിന് കോടതിയിൽ തെളിവ് നൽകി

Must read

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അഭിഭാഷകൻ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ വ്യക്തമാക്കി. മൊബൈൽ, പാസ്പോർട്ട് എന്നിവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കെപിസിസി അച്ചടക്ക നടപടിയിലും ഇന്ന് തീരുമാനം വന്നേക്കും. 

എൽദോസിന് ജില്ലാ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകാനാണ് കോടതി നിർദ്ദേശം. ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയിൽ മറ്റൊരു കേസ് കൂടി പൊലീസ് എൽദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ പെരുമ്പാരൂരിലെ വീട്ടിലെത്തിയിരുന്നു.

എല്‍ദോസ് ഹാജരാക്കിയതില്‍ പരാതിക്കാരിയുമായുള്ള വാട്‌സാപ്പ് ചാറ്റും

മുന്‍കൂര്‍ ജാമ്യത്തിനായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പരാതിക്കാരിയുമായുള്ള അടുപ്പം വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റുകളും. പരാതിക്കാരി മറ്റുവ്യക്തികള്‍ക്കെതിരേ നല്‍കിയ കേസിന്റെ വിവരങ്ങളും ഹാജരാക്കി. എല്‍ദോസിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്നതിന് യുവതിക്കെതിരേ അദ്ദേഹത്തിന്റെ ഭാര്യ കുറുപ്പംപടി പോലീസില്‍ നല്‍കിയ പരാതിയുടെ വിവരങ്ങളും നല്‍കി.

സുപ്രീംകോടതിയുടേത് ഉള്‍പ്പെടെയുള്ള മുന്‍കാലവിധികള്‍ ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലെ പരാമര്‍ശങ്ങളും കോടതി ചൂണ്ടിക്കാട്ടി. വിശദമായവിശകലനത്തിനൊടുവില്‍ കടുത്ത ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.

പ്രതി വിവാഹം കഴിഞ്ഞയാളും കുടുംബമായി ജീവിക്കുന്നയാളുമാണെന്ന് പരാതിക്കാരിക്ക് ബോധ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയുമായുള്ള നിയമപരമായ വിവാഹത്തിന് സാധ്യതയില്ലെന്നത് പരാതിക്കാരിക്ക് അറിയാം. പരാതിക്കാരി ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളയാളാണ്. അതിനാല്‍ നിയമത്തെക്കുറിച്ച് അജ്ഞയാണെന്നത് പരിഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് സെപ്റ്റംബര്‍ 28-ന് നല്‍കിയ പരാതിയില്‍ ലൈംഗികപീഡനത്തെക്കുറിച്ച് പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് മജിസ്ട്രേറ്റിന് മൊഴിനല്‍കിയപ്പോഴും ഇക്കാര്യം പറഞ്ഞില്ല. കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോവളം പോലീസ് കേസെടുത്തത്.

അതേസമയം, ബലാത്സംഗ കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വിളിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഇന്നലെ വ്യക്തമാക്കി. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചതായും സുധാകരൻ പറഞ്ഞു. പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് എൽദോസിന് മറുപടി നൽകിയതായും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെ നടപടി എടുക്കുന്നതിൽ നേതാക്കളുമായി ചർച്ച നടത്തും. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങൾ പരിശോധിക്കും.

സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. ഒളിവ് ജീവിതത്തിന് ശേഷം പുറത്ത് വന്ന എല്‍ദോസ് ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കിലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week