നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളിൽ ഒരാളായ നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. നേരത്തെ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളിലൊരാളായ ഷോൺ ആന്റണിയെ ചോദ്യം ചെയ്തിരുന്നു.
സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയ മറ്റൊരു നിർമ്മാതാവ് പണം തിരികെ നൽകിയില്ലെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തിൽ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സിറാജ് എന്ന നിർമ്മാതാവാണ് ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നൽകിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി.
പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം.
ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. സിനിമയ്ക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല. വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സിറാജിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. 40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽ നിന്ന് വ്യക്തമായി. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.