കൊച്ചി: തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ മുൻ പ്രസിഡന്റും സി.പി.ഐ. മുൻ നേതാവുമായ എൻ. ഭാസുരാംഗന്റെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടി. ഒരു കോടി രൂപയുടെ ആസ്തിവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. സ്വർണവും കാറുമുൾപ്പെടെയുളള സ്വത്തുവകകൾ അധികൃതർ കണ്ടുകെട്ടിയതായണ് വിവരം.
സഹകരണ ബാങ്കിന്റെ സാമ്പത്തികപ്രതിസന്ധിക്കു മുഖ്യ കാരണക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഭാസുരാംഗനേയും മകൻ അഖിൽജിത്തിനേയും നേരത്തെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 59 ദിവസമായി ഇരുവരും റിമാൻഡിലാണ്. പ്രസിഡന്റായിരുന്ന കാലയളവിൽ കുടുംബാംഗങ്ങളുടെ പേരിലും സ്വന്തം നിലയിലും വായ്പയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
വർഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയിൽ 101 കോടി രൂപയുടെ മൂല്യശോഷണമാണുണ്ടായെന്നാണ് സഹകരണ വകുപ്പ് 2021-ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് ബാങ്കിനു നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കണമെന്നും സഹകരണ വകുപ്പ് റിപ്പോർട്ടുണ്ടായിരുന്നു.
ഭാസുരാംഗനെ ഒന്നാംപ്രതിയാക്കി ഇ.ഡി. കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭാര്യ ജയകുമാരി, മകൻ ജെ.ബി. അഖിൽജിത്ത്, അടുത്ത മൂന്ന് ബന്ധുക്കൾ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. രേഖകളിൽ കൃത്രിമം നടത്തി 3.22 കോടി തട്ടിയെടുത്തെന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.