KeralaNews

100 കോടിയുടെ ഹവാലക്കടത്ത്: ഇ.ഡി റെയ്ഡിനു തൊട്ടുമുൻപ് ‘ഹൈറിച്ച്’ ഉടമകളായ ദമ്പതികൾ മുങ്ങി

തൃശൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ റെയ്ഡിനെത്തുന്നതിനു തൊട്ടുമുൻപ്, ഓൺലൈൻ നെറ്റ്‌വർക് മാർക്കറ്റിങ് കമ്പനിയായ ‘ഹൈറിച്ച്’ ഉടമകൾ സ്ഥലംവിട്ടു. തൃശൂർ ചേർപ്പ് സ്വദേശികളായ കമ്പനിയുടെ എംഡി കെ.ഡി. പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവരാണ് മുങ്ങിയത്. ഇന്നു രാവിലെ 10.30ഓടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനകൾക്കായി തൃശൂരിലെ ഇവരുടെ വീട്ടിലെത്തിയത്.

ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപാണ് ഇവർ വാഹനത്തിൽ കടന്നുകളഞ്ഞത്. മൂവരെയും കണ്ടെത്താൻ ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായം തേടി. അതേസമയം, ഉടമസ്ഥർ വീട്ടിൽനിന്ന് മുങ്ങിയെങ്കിലും ഇവിടെ ഇ.ഡിയുടെ പരിശോധന തുടരുകയാണ്. ഇവരെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ പലവഴിക്കും ശ്രമിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.

100 കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്നാണ് ഇവർക്കെതിരായ പരാതി. വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയാണ് ഇവർക്കെതിരെ കേസ് കൊടുത്തത്. ഒന്നര ലക്ഷം ആളുകളിൽ നിന്നായി കോടിക്കണക്കിനു രൂപയാണ് ഇവർ സമാഹരിച്ചത്. പണം നഷ്ടമായവരുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരവും കേസെടുത്തിരുന്നു.

തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഈ കമ്പനി നടത്തിയത് 1600 കോടിയിലധികം രൂപയുടെ തട്ടിപ്പാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ നടന്ന മണിചെയിൻ തട്ടിപ്പെന്നാണ് പൊലീസിന്റെ റിപ്പോർട്ടിലുള്ളത്. 126 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം, റെയ്ഡ് വിവരം ചോർന്നുകിട്ടിയതിനെ തുടർന്നാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് വിവരം. ചേർപ്പ് പൊലീസാണ് റെയ്ഡ് വിവരം ഇവർക്കു ചോർത്തി നൽകിയതെന്ന് മുൻ എംഎൽഎ അനിൽ അക്കര ആരോപിച്ചു. ‘‘പൊലീസാണ് ഇതിൽ യഥാർഥ പ്രതി. ചേർപ്പ് പൊലീസിന് പാർട്ണർഷിപ് ഉണ്ട് എന്ന് പറയാവുന്ന തരത്തിലാണ് അവരുമായുള്ള ബന്ധം.’’ – അനിൽ അക്കര പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker