കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ നമ്മളെ ബാധിക്കാത്ത വിഷയമായി ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രപഞ്ചത്തെ കുറിച്ച് പഠിക്കുന്ന ഗവേര്‍ഷകര്‍ക്ക് ഈ കണ്ടെത്തല്‍ അത്ര ചെറുതല്ല. ഭൂമിയ്ക്ക് മുമ്പത്തെ അത്ര തിളക്കം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൂടുതല്‍ വേഗതയില്‍ മങ്ങി വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ബഹിരാകാശ നിലയങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നമ്മുടെ ഭൂമിയുടെ നിറം നീലയായാണ് കാണപ്പെടുന്നത്. സൂര്യനില്‍ നിന്നുള്ള പ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഈ നിറത്തില്‍ കാണപ്പെടുന്നത്. എന്നാല്‍ ആ തിളക്കത്തിന് മങ്ങലേല്‍ക്കുന്നതായാണ് പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൂര്യ പ്രകാശത്തില്‍ നിന്ന് തിളങ്ങുന്ന ഭൂമിയുടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിച്ചാണ് ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ബിഗ് ബെയര്‍ സോളാര്‍ ഓബ്സര്‍വേറ്ററിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.
ഇതിനെ കുറിച്ചുള്ള ഗവേഷകരുടെ വിശദീകരണം ഇങ്ങനെയാണ്. സൂര്യപ്രകാശം ഭൂമിയില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഭൂമിയ്ക്ക് തിളക്കം ലഭിക്കുന്നത്. അതിനെ ഭൂനിലാവ് അഥവാ എര്‍ത്ത് ഷൈന്‍ എന്നാണ് വിളിക്കുന്നത്. ഈ വെളിച്ചം ചന്ദ്രന്റെ ഇരുണ്ട വശത്ത് തട്ടുമ്പോഴുള്ള വെളിച്ചത്തിന്റെ തിളക്കവും തീവ്രതയും പരിശോധിച്ചാണ് ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ഋതുക്കളും രാത്രികളും മാറുന്നതനുസരിച്ച് ഭൂനിലാവ് അഥവാ എര്‍ത്ത് ഷൈനിന്റെ തീവ്രത വ്യത്യസ്തമായിരിക്കും. അര്‍ദ്ധചന്ദ്ര സമയത്ത് ഭൂമിയിലിരുന്ന് നമ്മള്‍ കാണുന്ന ചന്ദ്രത്തെ ഇരുണ്ട ഭാഗവും ഭൂനിലാവിന്റെ വെളിച്ചത്തിലാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.
ഭൂമിയ്ക്ക് ചുറ്റുമുള്ള മേഘങ്ങളില്‍ തട്ടിയുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനതോത് കുറയുന്നതാണ് ഭൂനിലാവിന്റെ തിളക്കം കുറയുന്നു എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭൂമിയിലേക്ക് പതിക്കുന്ന പ്രകാശത്തിന്റെ മുപ്പത് ശതമാനമാണ് പ്രതിഫലിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പ്രതിഫലനത്തില്‍ 0 .5 ശതമാനം കുറവ് വന്നെന്നാണ് കണ്ടെത്തല്‍. അതായത് ഭൂമിയിലേക്ക് അതികം സൂര്യപ്രകാശം പ്രവേശിക്കുകയും ഭൂമിയില്‍ താപനില ഉയരാന്‍ ഇടയാക്കുകയും ചെയ്യും.