നിങ്ങള്‍ എത്രപേരെ അറസ്റ്റ് ചെയ്തു; ലഖിംപൂര്‍ സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: ലഖിംപുരില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ യുപി സര്‍ക്കാരിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. പോലീസ് എത്രപേരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

ചിഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലഖിംപൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള കേസ് സംബന്ധിച്ച വിവരവും സുപ്രീംകോടതി തേടിയിട്ടുണ്ട്.

കൊല്ലപ്പെട്ട ലവ്പ്രീത് സിംഗിന്റെ മാതാവിന് അടിയന്തര ചികിത്സ നല്‍കാനും യുപി സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. എട്ടുപേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ കര്‍ഷകര്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയവര്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. നിങ്ങള്‍ ആര്‍ക്കൊക്കെ എതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, എത്ര പേരെ അറസ്റ്റ് ചെയ്തു- സുപ്രിം കോടതി ചോദിച്ചു.

കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് സുപ്രിംകോടതിയുടെ നടപടി. അതിനിടെ ലഖിംപൂര്‍ ഖേരി ആക്രമണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചു. ലഖിംപൂരില്‍ നിരപരാധികളുടെ അരുംകൊലയ്ക്കെതിരെ രാജ്യ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷന്‍. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകരുടെ നേര്‍ക്കാണ് മകന്‍ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News