തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി ക്ക് വിടുന്നതിനെനെതിരെ കോഴിക്കോട് നടത്തിയ റാലിയില്‍ മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണ വിജയനുമെതിരെ അശ്ളീല പരാമർശമായിരുന്നു ലീഗ് നേതാവ് നടത്തിയത്. ഒപ്പം, പിണറായി വിജയനെതിരെയും ലീഗ് ജാഥയ്ക്കിടെ പരാമർശങ്ങൾ ഉണ്ടായിരുന്നു. അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസിക നില തകരാറിലായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
‘അനേകമാനേകം ധനാത്മകമായ രാഷ്ട്രീയ സമ്മേളനങ്ങൾക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയിൽ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വർഗ്ഗീയ ഒത്തുചേരൽ കാരണമായത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ചു പരിഹസിച്ചത് മുസ്ലീം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയിൽ ഉയർന്ന് കേട്ടത്.’ ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് ‘. മുന്നേ ഈ അധിക്ഷേപം ഉയർന്ന് കേട്ടത് സംഘപരിവാർ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്.ശബരിമല കലാപ കാലത്ത് സംഘികൾക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരിൽ നിന്ന് പകർന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യം’, ഡിവൈഎഫ്ഐ കുറ്റപ്പെടുത്തുന്നു..
മന്ത്രി പി.എ. മുഹമ്മദ് റിയാസ് (P.A. Mohammad Riyas) വ്യഭിചാരം നടത്തുകയാണെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായിയുടെ പ്രസംഗം. മുഖ്യമന്ത്രിയുടെ മകള്‍ വീണയുമായുള്ള വിവാഹം ചൂണ്ടിക്കാണിച്ചാണ് വ്യഭിചാര ആരോപണം ഉന്നയിച്ചത്. റിയാസ് മുസ്ലിമായിരിക്കെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട വീണയെ വിവാഹം ചെയ്തത് മതവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചാണ് അധിക്ഷേപം നടത്തിയത്.
“ഡി.വൈ.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ട് നമ്മുടെ പുയ്യാപ്ലയാണ്. എന്റെ നാട്ടിലെ പുയ്യാപ്ലയാണ്. ആരാണെടോ ഭാര്യ. ഇത് വിവാഹമാണോ, വ്യഭിചാരമാണ്, സിന (വ്യഭിചാരത്തിന്റെ അറബി പദം) ആണ്. ഇത് പറയാന്‍ തന്റെടം വേണം. ചങ്കൂറ്റം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയാനുള്ളത തന്റെടത്തോടെ പറയണം,”- ഇതാണ് അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസംഗത്തിന്റെ ഒരു ഭാഗം.
സി.പി.എമ്മിലെ മുസ്ലിം നാമധാരികളായ നേതാക്കള്‍ മതവിരുദ്ധരാണെന്നും മതത്തിന്റെ വിധിവിലക്കുകള്‍ അനുസരിച്ചല്ല ജീവിക്കുന്നതെന്നും വ്യക്തമാക്കാനാണ് അബ്ദുറഹ്മാന്‍ കല്ലായി ഈ ആരോപണം ഉന്നയിച്ചത്. ഇതിന് മുമ്പ് പ്രസംഗിച്ച കെ.എം. ഷാജി ലീഗില്‍ നിന്ന് പോയാല്‍ ഇസ്ലാമില്‍ നിന്ന് പുറത്താകുമെന്ന് പ്രസംഗിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗവും.
റിയാസിനെതിരെയുള്ള അധിക്ഷേപത്തിന് പുറമെ സി.പി.എം. സ്വവര്‍ഗ്ഗ വിവാഹത്തെയും ഉഭയകക്ഷി അനുമതിയോടെയുള്ള ലൈംഗിക ബന്ധത്തെയും പിന്തുണക്കുന്നുവെന്നും ഇതും വിശ്വാസ വിരുദ്ധമാണെന്നും അബ്ദുറഹ്മാന്‍ കല്ലായി പറയുന്നുണ്ട്. ഇങ്ങിനെ ഇസ്ലാമിക വിരുദ്ധ വിശ്വാസമുള്ള സി.പി.എമ്മിലേക്ക് എങ്ങിനെയാണ് മുസ്ലിങ്ങൾ പോകുന്നതെന്ന ചോദ്യമാണ് കല്ലായി ചോദിച്ചത്.
കല്ലായിയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയായിരിക്കെ മതപരമായ വിശ്വാസം ഉയര്‍ത്തിക്കാട്ടി മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും അതിലെ നേതാക്കളെയും വിമര്‍ശിച്ചതാണ് വിവാദമായത്. മത വിശ്വാസത്തെ രാഷ്ട്രീയ പ്രചാരണത്തിന് ലീഗ് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ ഭരണഘടനയും നിയമവ്യവസ്ഥയും അനുസരിച്ചാണ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയും വിവാഹിതരായത്. ഇതേ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് എങ്ങിനെ അതിന് വിരുദ്ധമായ പ്രചാരണം നടത്തുന്നുവെന്നാണ് ഉയരുന്ന ചോദ്യം.
കണ്ണൂര്‍ സ്വദേശിയായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി നേരത്തെയും വിവാദ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി സെക്രട്ടറിയെ തിരുത്താന്‍ മുതിര്‍ന്ന നേതാക്കളാരും തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.