തിരുവനന്തപുരം: അടൂര്‍ പ്രകാശ് എം.പിക്കെതിരെ ശബ്ദരേഖ പുറത്തുവിട്ട് ഡി.വൈ.എഫ്.ഐ. ഫൈസല്‍ വധശ്രമക്കേസില്‍ എം.പി ഇടപെട്ടതിന്റെ ശബ്ദരേഖയുള്പ്പടെയുള്ള തെളിവുകളാണ് പുറത്തുവിട്ടിരിക്കുന്നത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസ് പ്രതി ഷജിത്തിന്റതാണ് പുറത്തായ ശബ്ദരേഖ.
ഫൈസല്‍ വധശ്രമക്കേസില്‍ എം.പി വഴി നേതതൃത്തെ അറിയിച്ചാണ് പോലീസ് സ്റ്റേഷനില്‍ ഇടപെട്ടതെന്നും ഷജിത്ത് ശബ്ദരേഖയില്‍ പറയുന്നു. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ആര്‍ക്കും കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന നേതാക്കളുടെ പ്രതികരണം നിരാകരിക്കുന്നതാണ് പുറത്തായ ശബ്ദരേഖ.
അതേസമയം ഏഴ് അസംബ്ലി മണ്ഡലത്തിലെ പല പാര്‍ട്ടി പ്രവര്‍ത്തകരും എം.പി എന്ന നിലയില്‍ വിളിക്കാറുണ്ട്. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് എം.പി പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ഇപി ജയരാജനും തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അതിന്റെ തെളിവുകള്‍ കൈയിലുണ്ടെങ്കില്‍ തെളിയിക്കട്ടെ. അതിനുള്ള എല്ലാം സംവിധാനവും അവര്‍ക്കുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കൊലക്കേസില്‍ ഒരു സിഐടിയുക്കാരനുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും പ്രകാശ് പറഞ്ഞു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ആദ്യം വിളിച്ചത് കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനെയെന്ന് മന്ത്രി ഇപി ജയരാജന് അഭിപ്രായപ്പെട്ടിരുന്നു. ലക്ഷ്യം നിറവേറ്റിയെന്ന് കൊലപാതകികള്‍ അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജനസേവനം കൈമുതലാക്കിയ രണ്ട് ചെറുപ്പക്കാരാണ് മരിച്ചത്. നാട് ക്ഷോഭിക്കും. അങ്ങനെ നാടാകെ ചോരപ്പുഴ ഒഴുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തിരവോണനാളില്‍ കൊലനടത്തി രക്തപ്പൂക്കളമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൊല നടത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ അടുത്ത നേതാക്കളുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊല നടത്തിയ ശേഷം ഇവര്‍ ആദ്യം വിളിച്ചത് എംപി അടൂര്‍ പ്രകാശിനെയാണ്. ഇതിലൂടെ ഈ കൊലപാതകം ആസൂത്രിതമാണെന്നാണ് വ്യക്തമാകുന്നത്. കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.