എടത്വാ: അപ്പര്‍കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിട്ടും ഒരു നടപടിയും സ്വീകരിക്കാതെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പാണ് കര്‍ഷകര്‍.
തലവടി വേഴപ്രത്ത് കുട്ടപ്പായി, പള്ളിപ്പാട്ട് വാഴയ്യത്ത് തറയില്‍ പുത്തന്‍വീട്ടില്‍ സാമുവല്‍ എന്നിവരുടെ ഒരുമാസം പ്രായമുള്ള താറാവുകളാണ് കഴിഞ്ഞദിവസങ്ങളില്‍ ചത്തത്. രോഗം പ്രകടമായതോടെ താറാവിന്റെ സാംപിള്‍ തിരുവല്ലാ മഞ്ഞാടിയിലും തിരുവനന്തപുരം വൈറോളജി ലാബിലും അയച്ചെങ്കിലും പരിശോധനാഫലം ഇതുവരെ കിട്ടിയിട്ടില്ല. ഞായറാഴ്ചയും ആയിരത്തിലേറെ താറാവുകളാണ് ചത്തൊടുങ്ങിയത്. പരിശോധനാഫലം വൈകുന്നതിനാല്‍ പ്രതിരോധമരുന്നുകളും ഫലവത്താകുന്നില്ല.
2014-ലെ പക്ഷിപ്പനിയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നല്‍കിയ മരുന്ന് ഇക്കുറി ചിലകര്‍ഷകര്‍ നല്‍കുന്നുണ്ട്. അടിയന്തരമായി പ്രതിരോധമരുന്ന് നല്‍കിയില്ലെങ്കില്‍ രോഗബാധ മറ്റ് കര്‍ഷകരുടെ താറാവുകളിലേക്കും പടരാനിടയുണ്ട്.