പാലക്കാട്: യുവതിയെയും നവജാതശിശുവിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വീട്ടുകാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടുറോഡില്‍ ആംബുലന്‍സ് ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു.
തുടര്‍ന്ന് പോലീസെത്തി ഇവരെ മറ്റൊരു ആംബുലന്‍സില്‍ തൃശ്ശൂരിലെത്തിച്ചു. സംഭവത്തില്‍ പുതുനഗരം സ്വദേശി പടിക്കല്‍പാടം ആഷിദിന്റെ (21) പേരില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
പാലക്കാട് കുന്നത്തൂര്‍മേടിനു സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രസവശേഷം വിദഗ്ധ ചികിത്സക്കായാണ് യുവതിയെയും കുഞ്ഞിനേയും കൊണ്ടുപോയത്. എന്നാല്‍ വഴിയറിയില്ലാത്തതിനാല് ഡ്രൈവറായിരുന്ന ആഷിദ് മറ്റൊരു ഡ്രൈവറെ ചുമതലയേല്‍പ്പിച്ചു. പോകേണ്ട വഴിയില്‍നിന്ന് കൂടുതല്‍ ദൂരം മാറി സഞ്ചരിച്ചതിനെത്തുടര്‍ന്ന് ആംബുലന്സിലുണ്ടായിരുന്നവരുമായി തര്‍ക്കമുണ്ടായി. യുവതിയുടെ ബന്ധുക്കള്‍ ഡ്രൈവറെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്.
അമിതവേഗത്തിലോടിയ ആംബുലന്‍സിനകത്ത് യുവതി സ്ട്രക്ചറില്‍ നിന്ന് വീണതായി ബന്ധുക്കളും പരാതിപ്പെട്ടു. സംഭവ ശേഷം ഇവിടെ എത്തിയ ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ കൃഷ്ണകുമാറും മരുതറോഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കമ്പൗണ്ടര്‍ സുലൈമാനും ചേര്‍ന്ന് വാഹനം റോഡരികിലേക്ക് മാറ്റി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.