KeralaNews

ഇന്ന് രാത്രിവരെ കാത്തിരിക്കും; കോണ്‍ഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി വിമത കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി വിമത കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ്. താന്‍ നേതൃത്വത്തിന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്നുകൂടി കാത്തിരിക്കും. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്നും ആദ്യം സംഘടനാ വിഷയങ്ങള്‍ പരിഹരിക്കട്ടെയെന്നും എ.വി. ഗോപിനാഥ് വ്യക്തമാക്കി. ഇന്ന് രാത്രിവരെ കാത്തിരിക്കും. പാര്‍ട്ടി നേതാക്കള്‍ പറയട്ടെ. അതിന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിടുമെന്ന ഗോപിനാഥിന്റെ ഭീഷണി കടുത്തതോടെ വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ നേരിട്ട് എത്തി എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എ.വി. ഗോപിനാഥ് പറയുന്ന മണ്ഡലത്തില്‍ മത്സരിക്കാമെന്നായിരുന്നു അദ്ദേഹത്തോെട് കെ. സുധാകരന്‍ പറഞ്ഞത്. എന്നാല്‍ താന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന നിലപാട് കെ. സുധാകരനോട് എ. വി. ഗോപിനാഥ് അറിയിക്കുകയായിരുന്നു.

ഡിസിസി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാതെ തന്നെ തനിക്ക് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് നല്‍കമെന്ന് നേതൃത്വം പറഞ്ഞിരുന്നുവെന്നും ആ പദവി മതിയെന്നും എ.വി. ഗോപിനാഥ് സുധാകരനെ അറിയിച്ചതായാണ് സൂചന. ചര്‍ച്ചക്കിടയില്‍ തന്നെ ഉമ്മന്‍ ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും വിളിച്ച സുധാകരന്‍ ഗോപിനാഥിന്റെ നിലപാട് അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണമെന്നായിരുന്നു ഗോപിനാഥിന്റെ നിലപാട്.

അതേസമയം തെരഞ്ഞെടുപ്പിലെ വിജയ സാധ്യത ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞു. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ പരാമര്‍ശം. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

സ്ഥാനാര്‍ത്ഥികളുടെ നിര്‍ണയത്തിനുള്ള മാനദണ്ഡമായി വിജയസാധ്യത മാത്രം ഹൈക്കമാന്‍ഡ് മുന്നോട്ടു വയ്ക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഗ്രൂപ്പുകള്‍ വിജയസാധ്യതയുടെ പ്രധാന ഘടകമാണെന്നാണ് പറയുന്നത്. പല മണ്ഡലങ്ങളിലെയും വിജയസാധ്യത ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കൂടി ആശ്രയിച്ചായിരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഏതെങ്കിലും ഒരു സര്‍വേയില്‍ ചിലരുടെ അഭിപ്രായങ്ങള്‍ പ്രതിഫലിപ്പിച്ചാല്‍ മാത്രം അത് വിജയത്തിലേക്ക് നയിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ പലയിടത്തും അഞ്ച് പേരിലധികം ഇടംപിടിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള മണ്ഡലങ്ങളില്‍ പൊതുസമ്മതര്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നതിനാണ് ഗ്രൂപ്പ് മാനദണ്ഡമാകണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ നിലപാട് എടുത്തിരിക്കുന്നത്. സര്‍വേകളുടെ ആധികാരികതയെ ചോദ്യം ചെയ്തും നേതാക്കള്‍ രംഗത്ത് എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker