കൊച്ചി:പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 വിന്
വന്‍ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്. ഇന്ത്യയിലും പുറത്തും സംസാരവിഷയമായിരുന്നു ദൃശ്യം 2 എന്ന ചിത്രവും ജീ്തുജോസഫ് എന്ന സംവിധായകന്റെ
മികവും. നല്ലൊരു കൂട്ടിക്കെട്ടില്‍ സംഭവിച്ച ചിത്രം റെക്കോര്‍ഡുകള്‍
കീഴടക്കി കുതിക്കുകയാണ്. ദിനംപ്രതി ചിത്രത്തിന് വിവിധകോണുകളില്‍ നിന്നാണ്
മികച്ച പ്രതികരണം കിട്ടുന്നത്. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട്
ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രം.
കണ്ടവര്‍ക്കെല്ലാം ഒന്നേ പറയാനുള്ളൂ, അത്യുഗ്രന്‍.
ചിത്രത്തില്‍ മോഹന്‍ലാലും മീനയും അന്‍സിബയും എസ്തര്‍ അനിലും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും ചിത്രത്തിലെ ചെറിയ വേഷങ്ങളില്‍ എത്തിയവര്‍ക്ക് വരെ വലിയ പിന്തുണയാണ് ലഭിച്ചത്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ആണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇപ്പോള്‍. അതിനിടയിലാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടിനെ പറ്റിയുള്ള സൂചനകള്‍ പുറത്തുവരുന്നത്. പ്രതീക്ഷിച്ചതു പോലെ തന്നെ കളക്ഷന് കാര്യത്തിലും ചിത്രം ഏറെ നേട്ടമുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനകം തന്നെ ചിത്രം
ഏതാണ്ട് 40 കോടിയോളം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെ 20 കോടി രൂപയാണ് ചിത്രം നേടിയത്
എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏതാണ്ട് 25 കോടി രൂപയ്ക്കാണ്
ചിത്രത്തിന്റെ ഡിജിറ്റല്‍ റയ്ട്ട്സ് വിറ്റുപോയത് എന്നും അറിയുന്നു. ഏതാണ്ട്
20 കോടി ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ഡബിള്‍
ബ്ലോക്ക്ബസ്റ്റര്‍ ആയാണ് ദൃശ്യം 2 വിലയിരുത്തപ്പെടുന്നത്. ആദ്യ ഭാഗം
ഇറങ്ങി 7 വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാം ഭാഗം റിലീസായത്. ആശിര്‍വാദ്
സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ദൃശ്യത്തിന്റെ രണ്ട്
ഭാഗങ്ങളും നിര്‍മിച്ചിരിക്കുന്നത്.
ദൃശ്യം 2 ന്റെ തെലുങ്ക്റീമേക്കിനും തുടക്കമായി. ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസില്‍ നടന്ന പൂജാ
ചടങ്ങില്‍ ജീത്തു ജോസഫ്, ചിത്രത്തില്‍ നായകനാവുന്ന വെങ്കടേഷ്,
ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ്, റാണ ദഗ്ഗുബാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് അഞ്ചിന് ഹൈദരാബാദില്‍ തുടങ്ങും. ‘ദൃശ്യം
2’ പുറത്തിറങ്ങിയതിന് പിന്നാലെ തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും
ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.
മുതിര്‍ന്ന നടി ശ്രീപ്രിയയാണ്
ദൃശ്യം ആദ്യ ഭാഗത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത്. എന്നാല്‍
രണ്ടാം ഭാഗം ഒരുക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആദ്യഭാഗത്തിലേതുപോലെ
മീനയും എസ്തറും തങ്ങളുടെ കഥാപാത്രങ്ങളെ തെലുങ്കില്‍ അവതരിപ്പിക്കും.
ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്കുമാര്‍
തിയറ്റേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.