CrimeKeralaNews

‘ഡ്രാക്കുള’ സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു,ഇനി ഒരു വര്‍ഷം അഴിയ്ക്കുള്ളില്‍

ആലുവ :നിരന്തര കുറ്റവാളിയായ ‘ഡ്രാക്കുള’ സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെൻട്രൽ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, മോഷണം, മയക്കുമരുന്ന് കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന ഐക്കരനാട് വടയമ്പാടി കൊണ്ടോലിക്കുടി വീട്ടിൽ സുരേഷ് (40) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2021 ഡിസംബറിൽ 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കഴിഞ്ഞ ഓഗസ്റ്റിൽ ആലുവയിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലും, നവംബറിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയായതിനെ തുടർന്നാണ് ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

കഴിഞ്ഞ ദിവസം റൂറലിൽ കാപ്പ ചുമത്തി കോട്ടപ്പടി സ്വദേശി പ്രദീപ് എന്നയാളെ ജയിലിലടക്കുകയും, രാമമംഗലം സ്വദേശി രതീഷിനെ നാടുകടത്തുകയും ചെയ്തിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ 70 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു .49 പേരെ നാട് കടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button