KeralaNews

പ്രമുഖർ തേച്ചു മായ്ച്ചു കളയാൻ ശ്രമിച്ച കേസിൽ രക്ഷകയായെത്തി,ഡോ. രമയെ അനുസ്മരിച്ച് ജലീൽ

തിരുവനന്തപുരം: പ്രസിദ്ധ ഫോറൻസിക് വിദ​ഗ്ധയും ചലച്ചിത്ര നടൻ ജ​ഗദീഷിന്റെ ഭാര്യയുമായ ഡോക്ടർ രമയുടെ നിര്യാണത്തിൽ അനുസ്മരണക്കുറിപ്പുമായി കെ ടി ജലീല്‍ എംഎല്‍എ. അഭയ കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച പൊലീസ് സർജൻ ഡോ. രമയുടെ വിയോഗ വാർത്ത ദു:ഖത്തോടെയാണ് കേട്ടത്. സത്യസന്ധയായ പൊലീസ് സർജൻ ആയിരുന്നു ഡോ: രമയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉൾപ്പടെ പല പ്രമുഖരും തേച്ചു മായ്ച്ചു കളയാൻ ശ്രമിച്ച കൊലക്കേസായിരുന്നു 30 വർഷം മുമ്പ് അതിക്രൂരമായി വധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയുടേത്. കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂർ കർണ്ണാടക ചീസ്റ്റിസും സുപ്രീം കോടതി മുൻ ജഡ്ജിയും നിലവിലെ കേരള ലോകായുക്തയുമായ സിറിയക് ജോസഫിൻറെ ഭാര്യാ സഹോദരി ഭർത്താവിൻറെ സ്വന്തം ജേഷ്ഠനാണ്. ആ ബന്ധം വെച്ചാണ് ന്യായാധിപ സ്ഥാനത്തിരുന്ന് ബാംഗ്ലൂരിലെ ഫോറൻസിക് ലാബിൽ മിന്നൽ സന്ദർശനം നടത്തി വിവരങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുത്തത് .

ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജനായി സേവനമനുഷ്ഠിക്കവെയാണ് 2008 നവംബറിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത അഭയ കേസിലെ പ്രതി സിസ്റ്റർ സെഫിയെ ഡോക്ടർ പി രമയുടെ മുന്നിൽ വൈദ്യ പരിശോധനക്കായി കൊണ്ട് വരുന്നത്.
സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിൽ കണ്ടുപിടിച്ച് ലോകത്തെ അറിയിച്ചത് ഡോ: രമയെന്ന സത്യസന്ധയായ പോലീസ് സർജനാണ്. അഭയകേസിൽ നിർണ്ണായക വഴിത്തിരിവായിരുന്നു പ്രസ്തുത കണ്ടെത്തൽ.

പലരെയും പോലെ ഡോ: രമ സ്വാധീനങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങിയിരുന്നെങ്കിൽ അഭയ കേസ് ഒരുവേള തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളുടെ കൂട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടേനെ. 2019 ൽ അഭയ കേസിലെ വിചാരണ സി.ബി.ഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ രമയെ സി.ബി.ഐ കോടതി നിയോഗിച്ച മജിസ്ട്രേറ്റ്, വീട്ടിൽ പോയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് അഭയ കേസിൻറെ ചുരുളഴിച്ച ദൈവത്തിൻ്റെ സ്വന്തം വക്കീൽ ജോമോൻ പുത്തൻ പുരയ്ക്കൽ തൻ്റെ ആത്മ കഥയിൽ പറയുന്നുണ്ട്. ഡോക്ടർ രമ അസുഖബാധിതയായി കിടപ്പിലായതിനാലാണ് അവരുടെ വീട്ടിൽ പോയി മൊഴിയെടുക്കേണ്ടി വന്നത്. അത്തരമൊരു സാഹചര്യത്തിലും സത്യം തുറന്നു പറയാൻ അവർ കാണിച്ച തന്‍റേടത്തിന് ഒരു ബിഗ് സെല്യൂട്ട്- ജലീല്‍ കുറിച്ചു. ധീരയും സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതിരൂപവുമായ ഡോ: പി രമയുടെ നിര്യാണത്തിൽ ആദരാജ്ഞലികൾ നേരുന്നു. ജീവിത വിജയം നേടിയവരുടെ പട്ടികയിൽ ഡോ: രമയുടെ നാമം തങ്ക ലിപികളിൽ ആലേഖനം ചെയ്യപ്പെടും, തീർച്ച- ജലീല്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ രമ പി അന്തരിച്ചത്. 61 വയസായിരുന്നു. നടൻ ജഗദീഷ് ഭർത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടർ രമ്യയും, ഡോക്ടർ സൗമ്യയും. ഡോ നരേന്ദ്ര നയ്യാർ ഐപിഎസ്, ഡോ പ്രവീൺ പണിക്കർ എന്നിവർ മരുമക്കളാണ്. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. പ്രമാദമായ പല കേസുകളിലും നിർണായക കണ്ടെത്തലുകൾ നടത്തി ശ്രദ്ധേയയായിരുന്നു ഡോ രമ.

അതിസങ്കീർണമായ കേസുകളിലും നൂറ് ശതമാനം വ്യക്തത. സൂക്ഷ്മതയുടെ അങ്ങേയറ്റം. അതായിരുന്നു ഡോ. രമ. ഫോറൻസിക് രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്തായിരുന്നു, ഡോ രമയുടെ വരവ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠന ശേഷം ഫോറൻസികിൽ എംഡി. കോളിളക്കം സൃഷ്ടിച്ച മേരിക്കുട്ടി കേസോടെയാണ് ഡോ രമ ശ്രദ്ധിക്കപ്പെട്ടത്. മേരിക്കുട്ടിയുടേത് കൊലപാതകമെന്ന് തെളിയിച്ചത് ഡോ. രമ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ. കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ് അന്വേഷണത്തിലും ഡോ.രമയ്ക്കുള്ളത് നിർണായക പങ്ക്. മിഥൈൽ അൽക്കഹോൽ എങ്ങനെ കാഴ്ച നഷ്ട്പ്പെടുത്തു, എങ്ങനെ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലുകൾ സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker