26.1 C
Kottayam
Monday, April 29, 2024

കേരളത്തിലേത് ഇരട്ട ജനിതക മാറ്റം വന്ന വൈറസ് ? മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന് മുതല്‍ ലഭിച്ചുതുടങ്ങും. ആദ്യ തരംഗ കാലത്ത് സാമൂഹ്യ വ്യാപനം ഉണ്ടായ പൂന്തുറ അടക്കമുള്ള തീരങ്ങളില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് ഉണ്ടോയെന്ന് ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു.

ഇന്നലെയാണ് സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നിരുന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളത് 80,019 രോഗികള്‍. അടുത്ത മൂന്ന് ദിവസത്തില്‍ ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമനെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സ്വകാര്യ മേഖലയെ കൂടി പരമാവധി ഉള്‍പ്പെടുത്തി പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനാണ് വിദഗ്ധരുടെ ശുപാര്‍ശ.

കൊവിഡ് തീവ്ര വ്യാപനത്തിന് കാരണം ഇരട്ട ജനിതക മാറ്റം വന്ന വൈറസ് ആണോയെന്ന് കണ്ടെത്തണമെന്നും ആരോഗ്യവിദഗ്ദര്‍ ആവശ്യപ്പെടുന്നു. പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിയുന്ന വൈറസാണെങ്കില്‍ നേരിടുന്നത് വെല്ലുവിളിയാണ്.

ഇരട്ടവ്യതിയാനമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെയും രോഗം ബാധിക്കും. മാസ് വാക്‌സിനേഷന്‍ കൊണ്ടാണ് രോഗത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം. പക്ഷെ നിലവില്‍ സ്റ്റോക്കുള്ള വാക്‌സിന്റെ എണ്ണം കുറയുന്നതാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രതിസന്ധി.

അതിതീവ്ര വ്യാപന ആശങ്കയ്ക്കിടെ സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്ത് വരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

രണ്ടര ലക്ഷം പരിശോധനകൾ ലക്ഷ്യമിട്ട് സർക്കാർ നടത്തിയ കൂട്ടപരിശോധനയിൽ മൂന്ന് ലക്ഷത്തിലധികം പരിശോധനകൾ നടത്താനായെന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ കോഴിക്കോടാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്. എറണാകുളത്ത് 36,671 ഉം തിരുവനന്തപുരത്ത് 29,008 പരിശോധനകളും നടന്നു.

ആദ്യ ദിവസം ശേഖരിച്ച 1,35,159 സാമ്പിളിൽ 81,211 സാമ്പിളിന്റെ പരിശോധന ഫലം മാത്രമാണ് പുറത്ത് വന്നത്.രോഗ വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങൾ കടുപ്പിക്കാനും സാധ്യതയുണ്ട്.

ഇന്നലെ ഒരു ദിവസം മാത്രം സംസ്ഥാനത്ത് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,41,62,843 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4904 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2112, കോഴിക്കോട് 1474, മലപ്പുറം 1382, കോട്ടയം 1078, തൃശൂര്‍ 1123, കണ്ണൂര്‍ 973, തിരുവനന്തപുരം 668, ആലപ്പുഴ 893, പാലക്കാട് 328, പത്തനംതിട്ട 608, ഇടുക്കി 617, വയനാട് 471, കൊല്ലം 462, കാസര്‍ഗോഡ് 310 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കൊല്ലം 7, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, പത്തനംതിട്ട, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, ഇടുക്കി, എറണാകുളം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3654 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 520, കൊല്ലം 317, പത്തനംതിട്ട 47, ആലപ്പുഴ 294, കോട്ടയം 264, ഇടുക്കി 117, എറണാകുളം 327, തൃശൂര്‍ 348, പാലക്കാട് 90, മലപ്പുറം 249, കോഴിക്കോട് 402, വയനാട് 100, കണ്ണൂര്‍ 413, കാസര്‍ഗോഡ് 166 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 80,019 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,35,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,542 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,539 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1677 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week