26.9 C
Kottayam
Thursday, May 16, 2024

‘അവസരംകിട്ടുമ്പോൾ എന്തും പറയാമെന്ന് ധരിക്കരുത്’;മുഖാമുഖത്തിൽ ഷിബുചക്രവർത്തിയോട് കയർത്ത് മുഖ്യമന്ത്രി

Must read

തൃശ്ശൂർ: തൃശ്ശൂരിൽ സാംസ്‌കാരികപ്രവർത്തകരുമായി നടത്തിയ മുഖാമുഖത്തിനിടെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘നമുക്കൊരു കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണുപോലും. തുടങ്ങിയിട്ട് 10 വർഷമായി കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ, ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ’’ -എന്നായിരുന്നു ചോദ്യം.

ഇതിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. പറയാൻ അവസരം കിട്ടുമ്പോൾ എന്തും പറയാമെന്ന് ധരിക്കരുത്. ഇത്രയും ആളുകളുടെ മുന്നിൽവെച്ച് ഈ സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? അവിടെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് പരിഹരിച്ചു. ആ സ്ഥാപനത്തിൽ പഠിക്കാൻ വരുന്ന വിദ്യാർഥികളെ പിന്തിരിപ്പിക്കുന്ന രീതി ശരിയാണോ? -മുഖ്യമന്ത്രി ഷിബു ചക്രവർത്തിയോട് ചോദിച്ചു.

ഭാവി കേരളം എങ്ങനെയാവണം എന്നത് ഗൗരവത്തോടെ ആലോചിക്കുമ്പോൾ, ആദ്യം പരിഗണിക്കേണ്ടത് സാംസ്കാരിക രംഗത്തുള്ളവരുടെ അഭിപ്രായങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ചരിത്രഘട്ടങ്ങളിലും പുരോഗതിയുടെ ചാലുകീറാൻ മുന്നിൽനിന്ന് പ്രവർത്തിച്ചവരാണവർ. നവകേരള സദസ്സിന് തുടർച്ചയായി തൃശ്ശൂർ ലുലു കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന് വഴികാട്ടുന്നതു മുതൽ ബഹുജനാഭിപ്രായം രൂപവത്കരിക്കുന്നതിൽവരെ അവർ നിർണായക സ്വാധീന ശക്തിയായിരുന്നു. സ്വാർഥ താത്പര്യങ്ങളാലല്ല, സാമൂഹിക നന്മയാലാണ് നയിക്കപ്പെടുന്നത് എന്നതിനാൽ അവർ പറയുന്നതിൽ യാഥാർഥ്യങ്ങളുണ്ടെന്ന് ജനം കരുതുന്നു. .

സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകളിൽനിന്ന്‌ മുഖം തിരിഞ്ഞുനിന്ന ചരിത്രം സാംസ്കാരിക നായകർക്കില്ല. ആ രാഷ്ട്രീയ – സാംസ്കാരിക സാഹോദര്യമാണ് നമ്മുടെ നാടിനെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിയത്. സമാനമായ ഇടപെടലുകൾ സാംസ്കാരിക രംഗത്തുനിന്ന്‌ വീണ്ടും ഉണ്ടാകേണ്ട ഘട്ടമാണിത്. ഫാസിസം കടന്നു വന്നു കഴിഞ്ഞാൽ പിന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞിട്ടു കാര്യമില്ല – മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഫെഡറൽ ഘടനയെക്കുറിച്ചുള്ള നമ്മുടെ സംവാദങ്ങൾ സാമ്പത്തികരംഗത്തു മാത്രമല്ല, സാംസ്കാരികരംഗത്തും ഉണ്ടാകേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.

മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, പി. ബാലചന്ദ്രൻ എം.എൽ.എ., മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

ടി. പത്മനാഭൻ, കലാമണ്ഡലം ഗോപി, കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം ക്ഷേമാവതി, മട്ടന്നൂർ ശങ്കരൻകുട്ടി, സച്ചിദാനന്ദൻ, രാമചന്ദ്ര പുലവർ, മീനാക്ഷി ഗുരുക്കൾ, വി.കെ. ശ്രീരാമൻ, നാടക-സിനിമാ നടി സാവിത്രി ശ്രീധരൻ, വെങ്കിടേഷ് രാമകൃഷ്ണൻ, കമൽ, ബെന്യാമിൻ, കെ.കെ. മാരാർ, സി.ജെ. കുട്ടപ്പൻ, നീനാപ്രസാദ് തുടങ്ങിയവർ വേദി പങ്കിട്ടു. സാംസ്കാരികരംഗത്തുള്ള രണ്ടായിരത്തോളം പേർ മുഖാമുഖത്തിൽ പങ്കെടുത്തു. ചിലർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

തൃശ്ശൂരിലും മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗത്തിന് പിന്നാലെ മാധ്യമപ്രവർത്തകർക്ക് ‘കടക്കുപുറത്ത്’ നിർദേശം. പരിപാടിയുടെ അവതാരകനായ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയാണ്, ഇനിയുള്ളത് സ്വകാര്യ ചടങ്ങാണെന്നും അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടത്. വേദിയിലുള്ള മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സാംസ്കാരിക പ്രവർത്തകരോ പ്രതികരിച്ചില്ല. മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥർ ഫോട്ടോഗ്രാഫർമാരുൾപ്പെടെയുള്ളവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.

പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ മാത്രം ഹാളിലിരുന്നാൽ മതിയെന്നായിരുന്നു നിർദേശം. ഇതിനു പുറകെ തൃശ്ശൂർ പി.ആർ.ഡി.യുടെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള വാട്സാപ്പ് ഗ്രൂപ്പിൽ, നിർദേശം കേൾക്കാൻ കഴിയാത്ത മാധ്യമസുഹൃത്തുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ ഹാളിൽനിന്ന് പുറത്തുപോകണമെന്ന നിർദേശവും പ്രത്യക്ഷപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week