കാഞ്ഞങ്ങാട്: ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പിന്നെ പച്ചവെള്ളം കണ്ടാലും സംശയിക്കുമെന്ന ചൊല്ല് നമ്മള്‍ പണ്ടുമുതല്‍ക്കെ കേള്‍ക്കുന്നതാണ്. എന്നാല്‍ ഇതു നായ്ക്കള്‍ക്കു ബാധകമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ ഒരു തെരുവുനായ. തലേന്നു തല കുടുങ്ങിയ അതേ സ്‌കൂള്‍ ഗേറ്റില്‍ തന്നെ അടുത്ത ദിവസവും കൃത്യമായി കുടുങ്ങിയിരിക്കുകയാണ് ഈ നായ.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അഗ്നിരക്ഷാസേനയാണ് സ്‌കൂള്‍ ഗേറ്റില്‍ കുടുങ്ങിയ നായയെ രക്ഷിച്ചത്. ഹൊസ്ദുര്‍ഗ് കടപ്പുറം കണ്ടത്തില്‍ ജിയുപി സ്‌കൂളിന്റെ ഗേറ്റിലാണു വെള്ളിയാഴ്ച നായയുടെ തല കുടുങ്ങിയത്. നായയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടു നാട്ടുകാര്‍ നോക്കിയപ്പോഴാണു തല ഗേറ്റില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍തന്നെ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിളിച്ചു. സേനയെത്തി നായയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇന്നലെയും ഇതാവര്‍ത്തിച്ചു. രാവിലെ വീണ്ടും നായയുടെ കരച്ചില്‍ കേട്ട് നോക്കിയ നാട്ടുകാര്‍ അതേ നായ തന്നെ ഗേറ്റില്‍ തല കുടുങ്ങി കിടക്കുന്നതു കണ്ടു.
ഉടന്‍ തന്നെ വീണ്ടും അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചു ഗേറ്റിന്റെ കമ്പി അറുത്തു മാറ്റിയാണു നായയെ രക്ഷപ്പെടുത്തിയത്.