ഡോക്ടര്‍ക്ക് കൊവിഡ്; താമരശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ താമരശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍. ആശുപത്രിയിലെ ആറ് ജീവനക്കാരാണ് നിരീക്ഷണത്തില്‍ പോയത്. ഡോക്ടര്‍ക്ക് കര്‍ണാടകത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഈ മാസം അഞ്ചിനാണ് ഡോക്ടര്‍ കര്‍ണാടകത്തിലേക്ക് പോയത്. രോഗം പകര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് സംശയിക്കുന്നതായി ഡോക്ടര്‍ പറയുന്നു. കര്‍ണാടകത്തില്‍ എത്തിയതിനു ശേഷം റൂം ക്വാറന്റൈനില്‍ ആയിരുന്നു.

കര്‍ണാടകത്തില്‍ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടറെ കൊണ്ടുപോയ ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളും പരിശോധിക്കും.കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 406 പേര്‍ ഉള്‍പ്പെടെ 5708 പേര്‍ നിരീക്ഷണത്തിലുള്ളതായും ഇതുവരെ 24,159 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 31 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 15 പേര്‍ ആശുപത്രി വിട്ടു.

ജില്ലയില്‍ 78 പേര്‍ ഉള്‍പ്പെടെ ആകെ 566 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 222 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 330 പേര്‍ വീടുകളിലുമാണ്. 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 74 പേര്‍ ഗര്‍ഭിണികളാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ 11 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികില്‍സ തുടരുന്നു.62 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2958 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2934 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2891 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അO്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 164 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്‍കി.ജില്ലയില്‍ 2628 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7623 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News