പത്തനംതിട്ട: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും പത്തനംതിട്ട ജില്ല ഡി.എം.ഒ(ഹോമിയോ)യുമായ ഡോ.ബിജു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു ശാസ്ത്ര മത തീവ്രവാദ സംഘടന ആയി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. മറ്റു വൈദ്യശാസ്ത്ര ശാഖകളോടുള്ള അന്ധമായ വിദ്വേഷം ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഒരു തീവ്രവാദ ഫാസിസ്റ്റ് സംഘടനയുടെ തലത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നുവെന്നും ഈ ശാസ്ത്ര തീവ്രവാദ സംഘടനയുടെ പല നിലപാടുകളും ആരോഗ്യരംഗത്തെ സംയോജിത ചികിത്സാ സാധ്യതകള്‍ക്ക് തുരങ്കം വെയ്ക്കുകയും കേരളത്തിലെ പൊതു ജനാരോഗ്യത്തിനു അപകടകരമാവുകയും ചെയ്യുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു എന്നും ബിജു വിമര്‍ശിക്കുന്നു.
ഡോ.ബിജുവിന്റെ വാക്കുകള്‍
ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നത് ഇന്ന് ഒരു ശാസ്ത്ര മത തീവ്രവാദ സംഘടന ആയി മാറിക്കഴിഞ്ഞു. മറ്റു വൈദ്യശാസ്ത്ര ശാഖകളോടുള്ള അന്ധമായ വിദ്വേഷം ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഒരു തീവ്രവാദ ഫാസിസ്റ്റ് സംഘടനയുടെ തലത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു.
അതോടൊപ്പം ശാസ്ത്ര മെഡിസിന്‍ എന്ന് പരിഷത് വിശേഷിപ്പിക്കുന്ന രംഗത്തെ എല്ലാ വിധ ചൂഷണങ്ങള്‍ക്കും എതിരെ മൗനവും പാലിക്കുക എന്ന ഒന്നാന്തരം കാപട്യമുള്ള ഒരു സംഘടനയായും പരിഷത് മാറിക്കഴിഞ്ഞു. ഈ ശാസ്ത്ര തീവ്രവാദ സംഘടനയുടെ പല നിലപാടുകളും ആരോഗ്യരംഗത്തെ സംയോജിത ചികിത്സാ സാധ്യതകള്‍ക്ക് തുരങ്കം വെയ്ക്കുകയും കേരളത്തിലെ പൊതു ജനാരോഗ്യത്തിനു അപകടകരമാവുകയും ചെയ്യുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു.
യാതൊരു വിധത്തിലും സര്‍ക്കാരിന്റെ ഭാഗം അല്ലാത്ത ഈ സ്വകാര്യ ശാസ്ത്ര തീവ്രവാദ സംഘടന സര്‍ക്കാറുകള്‍ അംഗീകരിച്ച പൊതുജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ഉള്ള ഇതര വൈദ്യശാസ്ത്രങ്ങള്‍ക്കെതിരെ നിരന്തരം അപവാദ പ്രചാരണങ്ങള്‍ നടത്തുകയും ആ വൈദ്യശാസ്ത്രങ്ങള്‍ ഒക്കെയും അന്ധവിശ്വാസം ആണ് എന്ന മട്ടില്‍ അസംബന്ധ പ്രസ്താവനകള്‍ ഇറക്കുകയും ആണ് ചെയ്യുന്നത്.
ഒരു മഹാ മാരിയുടെ കാലത്ത് സര്‍ക്കാര്‍ അംഗീകരിച്ച വൈദ്യശാസ്ത്രങ്ങള്‍ എല്ലാം തന്നെ അവരവര്‍ക്ക് സാധ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതകളെ തുരങ്കം വെക്കുകയും അതുവഴി പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം തീവ്രവാദ സംഘടനകളെ തള്ളിക്കളയേണ്ടതുണ്ട്. യാതൊരു വിധത്തിലും സര്‍ക്കാരിന്റെ ഭാഗം അല്ലാത്ത ഇത്തരം സംഘടനകള്‍ക്ക് പൊതുജനാരോഗ്യ വിഷയത്തിലും ഇതര വൈദ്യശാസ്ത്രങ്ങളെപ്പറ്റിയും ആധികാരികമായി പറയുവാന്‍ എന്തു യോഗ്യത ആണുള്ളത്.
ശാസ്ത്രവും സാഹിത്യവും ഒക്കെ തങ്ങള്‍ പറയുന്നത് മാത്രമാണ് എന്നു നിഷ്‌കര്‍ഷിക്കുന്ന അങ്ങനെ ശാഠ്യം പിടിക്കുന്ന, സമാന്തരമായ എല്ലാ അറിവുകളെയും നിഷേധിക്കുന്ന ഏതാനും കുറെ വൈതാളികന്മാരുടെ കൂട്ടമായ ഈ (അ)ശാസ്ത്ര (അ)സാഹിത്യ പരിഷത്തിനെ പരിഷ്‌കൃത സമൂഹത്തില്‍ നിന്നും പുറന്തള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു….അറിവുകള്‍ എന്നത് ഏകരൂപം അല്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം എങ്കിലും ഉണ്ടാകണം. ഏതു മേഖലയിലും ബഹുസ്വരതയെ ഉള്‍ക്കൊള്ളാനും പരിശോധിക്കാനും മടിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളും ആത്യന്തികമായി ഫാസിസ്റ്റ് തീവ്രവാദ സംഘടനകള്‍ ആയി രൂപാന്തരം പ്രാപിക്കും. ഈ സംഘടനയും ഇപ്പോള്‍ മറ്റൊന്നല്ല തന്നെ.