KeralaNews

‘ആരെങ്കിലും പോസിറ്റീവ് ആയെന്ന് കേട്ടാലുടന്‍ ഓടിപ്പോയി ചെക്ക് ചെയ്തിട്ട് കാര്യമില്ല, സമ്പര്‍ക്കം ഉണ്ടായി 5 ദിവസത്തിന് ശേഷമാണ് കൊവിഡ് ടെസ്റ്റ് ചെയ്യേണ്ടത്’; ഡോക്ടറുടെ കുറിപ്പ്

കോട്ടയം: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡോ. ഷിംന അസീസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യുന്നതിനെ കുറിച്ചാണ് ഡോക്ടര്‍ തന്റെ കുറിപ്പില്‍ പറയുന്നത്.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്

‘എനിക്കൊരബദ്ധം പറ്റി ഡോക്ടറേ… വീട്ടില്‍ പ്രായമുള്ള അച്ഛനുമമ്മയും ഉണ്ട്. RTPCR നെഗറ്റീവ് കിട്ടിയ സന്തോഷത്തില്‍ ഞാനവരുടെ അടുത്തൊക്കെ പോയി കിടന്നിരുന്നു. അന്ന് എനിക്ക് യാതൊരു വിധ ലക്ഷണങ്ങളും ഇല്ലായിരുന്നു താനും.’

പോസിറ്റീവ് ആയ ആളുമായി സമ്പര്‍ക്കമുണ്ടായി കേവലം രണ്ട് ദിവസം കഴിഞ്ഞ് ചെയ്ത ടെസ്റ്റിനെ വിശ്വസിച്ച് നെഗറ്റീവ് സ്റ്റാറ്റസ് വീട്ടുകാരുമായി ആഘോഷിച്ച സുഹൃത്ത് ഇപ്പോള്‍ സ്വന്തം വയ്യായ്കയേക്കാള്‍ ആശങ്കപ്പെടുന്നത് ചെയ്യാനിരിക്കുന്ന മാതാപിതാക്കളുടെ കോവിഡ് ടെസ്റ്റിന്റെ റിസല്‍റ്റിനെ ഓര്‍ത്താണ്. ഈ സംഭാഷണം കഴിഞ്ഞ് ഇത്തിരി കഴിഞ്ഞ് അദ്ദേഹത്തിന്റെ അടുത്ത ഒറ്റവരി സന്ദേശമെത്തി ‘ഇന്നത്തെ ടെസ്റ്റില്‍ പോസിറ്റീവ് ആയി…’
ആരെങ്കിലും പോസിറ്റീവ് ആയെന്ന് കേട്ടാലുടന്‍ ഓടിപ്പോയി ചെക്ക് ചെയ്തിട്ട് കാര്യമില്ല. സമ്പര്‍ക്കം ഉണ്ടായി 5 ദിവസത്തിന് ശേഷമാണ് കോവിഡ് ടെസ്റ്റ് ചെയ്യേണ്ടത്. അത് വരെ ക്വാറന്റീനില്‍ പോകണം. അതാണ് ശരിയായ രീതി.

ഇത് കൂടാതെ, നമ്മള്‍ രോഗം സംശയിച്ച് ടെസ്റ്റ് ചെയ്താലും ഇല്ലെങ്കിലും കുറച്ച് കാലത്തേക്ക് താഴെ പറയുന്ന കാര്യങ്ങള്‍ എല്ലാവരുമൊന്ന് മനസ്സില്‍ വെക്കണം. കോവിഡ് രോഗം ബാധിച്ചാല്‍ ജീവാപായം സംഭവിക്കാന്‍ സാധ്യതയുള്ള ആരെങ്കിലും വീട്ടിലുണ്ടെങ്കില്‍ യാതൊരു കാരണവശാലും അവരുടെ പരിസരത്തേക്ക് പോവരുത്. അച്ഛനെയും അമ്മയേയും കുഞ്ഞുമക്കളേയും ഒക്കെ ഈ എടങ്ങേറ് പിടിച്ച നാളുകള്‍ക്ക് ശേഷം മാത്രം ശാരീരികമായി ചേര്‍ത്ത് പിടിക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരും രോഗിയായിരിക്കാം, ആരില്‍ നിന്നും രോഗം പകരാം. നമ്മള്‍ നമ്മുടെ പ്രിയപ്പെട്ടവരെ രോഗികളാക്കരുത്.

‘എനിക്കൊരു കുഴപ്പവുമില്ല’ എന്ന് കരുതരുതേ. നിലവില്‍ ആരും രോഗവാഹകരല്ല എന്നുറപ്പിക്കാനാവില്ല. ലക്ഷണങ്ങളുണ്ടാവമെന്ന് പോലുമില്ല. അത്ര ഭീകരമായ രീതിയില്‍ രോഗം സമൂഹത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു.
രണ്ടാഴ്ചയിലൊരിക്കല്‍ വീട്ടില്‍ ചെല്ലുമ്പോള്‍ പോലും ഈ ബോധത്തോടെയാണ് ആറുവയസ്സുകാരി മകളോടും പ്രായമായ ഉപ്പയോടും ഉമ്മയോടുമൊക്കെ ഇടപെടുന്നത്. മനസ്സമാധാനത്തോടെ അവരെയൊക്കെയൊന്ന് ചേര്‍ത്ത് പിടിച്ച കാലം മറന്നു. ഏറെ ശ്രദ്ധിക്കണം, എല്ലാവരും.
ഭയപ്പെടുത്തലല്ല, ഓര്‍മ്മപ്പെടുത്തലാണ്.
അവര്‍ക്കൊക്കെ വല്ലതും വന്നാല്‍ എങ്ങനെ സഹിക്കാനാണ്…
Dr. Shimna Azeez

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker