കോഴിക്കോട്: ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ, രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ 6 പേർക്കെതിരെ കേസ്. ചികിത്സ വൈകിയെന്നാരോപിച്ച് ഡോ. അശോകനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലയിൽ ഇന്ന് ഐഎംഎയുടെ നേതൃത്വത്തിൽ സൂചനാ സമരവും നടക്കും.
ഫാത്തിമ ആശുപത്രിയിൽ വെച്ച് ഒരാഴ്ച മുമ്പ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞു പ്രസവത്തിനിടെ മരിച്ചിരുന്നു. എങ്കിലും ശാരീരിക ആവശതകളെ തുടർന്ന് യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോക്ടർ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്.
ഇതിനിടെ യുവതിയുടെ സി ടി സ്കാൻ റിസൾട്ട് വൈകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിനിടയിലാണ് രോഗിയുടെ ബന്ധുക്കൾ നഴ്സിംഗ് കൌണ്ടറിന്റെ ചില്ലുകൾ ചെടിച്ചട്ടികൾ കൊണ്ട് എറിഞ്ഞു തകർത്തത്.
ഇതിനിടെ സ്ഥലത്തെത്തിയ ഡോക്ടർ അനിതയുടെ ഭർത്താവായ ഡോക്ടർ അശോകനെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ അനാവശ്യമായി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടർ ചികിത്സയിലാണ്.