അഫ്ഗാന് ഹാസ്യനടന് നസര്‍ മുഹമ്മദിനെ താലിബാന് ഭീകരര്‍ വധിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന് ശ്രീകുമാര്‍. അല്പമെങ്കിലും മനസാക്ഷി ബാക്കിയുള്ള ഒരു മനുഷ്യനും കണ്ടുനില്‍ക്കാനാവാത്തത്ര ഭീകരമായ ദൃശ്യമായിരുന്നു ഇതെന്ന് അദ്ദേഹം പ്രതികരിച്ചു.
തമാശ പറയുക എന്നത് മാത്രമായിരുന്നു നസര്‍ ചെയ്ത തെറ്റെന്നും ശ്രീകുമാര്‍ പറഞ്ഞു. നിങ്ങളുടെ രക്തസാക്ഷിത്വം പാഴാവുകയില്ല എന്നു മാത്രമാണ് ഒരു കലാകാരന് എന്ന നിലയില്‍ തനിക്ക് പറയാനാവുകയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കെട്ട കാലങ്ങളിലെല്ലാം നമുക്ക് താങ്ങായി നിന്നവരാണ് ആര്ടിസ്റ്റുകള്. ചിത്രം വരയ്ക്കുന്നവര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സിനിമാ-നാടക പ്രവര്‍ത്തകര്‍, കവികള്‍, കൊമേഡിയന്മാര്. ഭരണാധികാരികളും അവര്‍ നയിച്ച ജനതകളുമെല്ലാം വഴിതെറ്റി നടക്കുമ്ബോഴും തെളിച്ചം നല്കി നേരെ നടത്തിയവര്‍. അതുകൊണ്ടു തന്നെ മൗലികവാദികളും ഫാസിസ്റ്റുകളും ഏകാധിപതികളുമെല്ലാം എന്നും ഭയന്നതും അവരെയാണ്. ‘നൂറു ബയണറ്റുകളെക്കാള്‍ ശക്തിയുള്ള’ അവരുടെ വാക്കുകളെയാണ്.
നാസര്‍ എന്ന വാക്കിന്റെ അര്‍ത്ഥം താങ്ങ്, ആശ്വാസം എന്നെല്ലാമാണ്. അരക്ഷിതരായ അഫ്ഗാന് ജനതയ്ക്ക് ആ താങ്ങായിരുന്നു നിങ്ങള്‍. അല്പമെങ്കിലും മനസ്സാക്ഷി ബാക്കിയുള്ള ഒരു മനുഷ്യനും കണ്ടുനില്‍ക്കാനാവാത്തത്ര ഭീകരമായ ദൃശ്യമായിരുന്നു അത്. പ്രിയ നാസര്‍ മുഹമ്മദ്, ഖഷ സ്വാന്… ഒരു കലാകാരനാവുക എന്നത്, തമാശ പറയുക എന്നത് മാത്രമായിരുന്നു നിങ്ങള്‍ ചെയ്ത കുറ്റം. നിങ്ങളുടെ രക്തസാക്ഷിത്വം പാഴാവുകയില്ല എന്നു മാത്രമാണ് ഒരു കലാകാരന് എന്ന നിലയില്‍ എനിക്ക് പറയാനാവുക.
ആദരാഞ്ജലികള്‍.