‘പോടാ എന്ന് പോലീസ് വിളിച്ചാല്‍ തിരിച്ചും പോടാ എന്ന് വിളിക്കണം’; തരുന്ന റെസ്പെക്ട് നല്‍കിയാല്‍ മതിയെന്ന് ഗൗരി നന്ദ

കോഴിക്കോട്: ചടയമംഗലത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്പില്‍ ക്യൂ നിന്നവര്‍ക്ക് പിഴയിട്ട പോലീസിനെ ചോദ്യം ചെയ്ത ഗൗരി നന്ദ എന്ന പ്ലസ് ടു വിദ്യാര്‍ഥിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തൊട്ടതിനും പിടിച്ചതിനും എല്ലാം സാധാരണക്കാരില്‍ നിന്നും പിഴ ഈടാക്കുന്ന പോലീസിന്റെ അത്തരം ഒരു നയത്തെ ആയിരുന്നു ഗൗരി നന്ദ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതിനു പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ, ഇങ്ങോട്ട് ലഭിക്കുന്ന റെസ്പെക്ട് മാത്രം അവര്‍ക്കും നല്‍കിയാല്‍ മതിയെന്ന് പറയുകയാണ് പെണ്‍കുട്ടി.

അന്ന് പോലീസിനെതിരെ സംസാരിച്ചപ്പോള്‍ വരുംവരായ്കകളെ കുറിച്ചൊന്നും ചിന്തിക്കാന്‍ തോന്നിയിരുന്നില്ലെന്നും ഗൗരി നന്ദ പറഞ്ഞു.ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗൗരി നന്ദയുടെ പ്രതികരണം. പോലീസ് പോടാ എന്നാ വിളിക്കുമ്പോള്‍ തിരിച്ചും പോടാ എന്ന് തന്നെ വിളിക്കണം എന്നാണു ഗൗരി നന്ദയുടെ മറുപടി.

‘എല്ലാ നിയമങ്ങളും അറഞ്ഞുകൊണ്ടല്ലല്ലോ നമ്മള്‍ പ്രതികരിക്കാന്‍ പോകുന്നത്. എനിക്ക് അവിടെ പ്രതികരിക്കേണ്ട ഒരു സാഹചര്യം കിട്ടി, ഞാന്‍ പ്രതികരിച്ചു. അങ്ങനെ സംസാരിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് വരും എന്ന് അറിഞ്ഞുകൊണ്ടല്ല പ്രതികരിക്കാന്‍ പോയത്. പോലീസ് പോടാ എന്നാ വിളിക്കുമ്പോള്‍ തിരിച്ചും പോടാ എന്ന് തന്നെ വിളിക്കണം. ഇങ്ങോട്ട് ലഭിക്കുന്ന റെസ്പെക്ട് മാത്രം അവര്‍ക്കും നല്‍കിയാല്‍ മതി. പൊതുജനങ്ങളോട് മാന്യമായി സംസാരിച്ചില്ലെങ്കില്‍ പ്രശ്നമാണെന്ന് പോലീസ് മനസ്സിലാക്കണം. എന്റെ കാര്യത്തില്‍ ഒരു വീഡയോ ഉണ്ടായത് കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ ജയിലില്‍ പോയി കിടന്നേനെ’, ഗൗരി നന്ദ പറഞ്ഞു.

പോലീസ് നടപടി ചോദ്യം ചെയ്തതോടെ 18കാരിക്കതിരെ ചടയമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി. ഏതായാലും സംഭവം വിവാദമായതിനു പിന്നാലെ ‘പോടാ പോലീസ്’ എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News