EntertainmentKeralaNews

ഒരു സ്ത്രീയെ പ്രണയിച്ചതിനായിരുന്നു അറസ്റ്റ്; സത്യം പുറത്തു വരുന്നത് വരെ ആ പ്രണയത്തിന്റെ മുറിവുകൾ വഹിക്കാൻ തയ്യാറാണ്: മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ സനൽകുമാർ ശശിധരൻ പറയുന്നു

കൊച്ചി:ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ സർക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. രണ്ട് മാസം മുമ്പാണ് നടി മഞ്ജുവാര്യരോട് പ്രണയാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തിയതിന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ വിഷയത്തിൽ ഫേസ‌്ബുക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.

അറസ്റ്റിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചതുകൊണ്ടാണ് ഈ വിഷയത്തിൽ സംസാരിക്കാൻ കഴിയാതെ പോയതെന്നും മാറ്റി നിറുത്തിയ കാലം തന്റെ ആശങ്കകള്‍ക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. സത്യം പുറത്തുവരട്ടെയെന്നും അതുവരെ പ്രണയത്തിന്റെ മുറിവുകൾ സഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം…

എന്നെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവരെ ഉപദ്രവിച്ചുവെന്നാരോപിച്ചുമായിരുന്നു എന്റെ അറസ്റ്റ്. സത്യം ഞാന്‍ എനിക്ക് തന്നെ വേണ്ടി വാദിക്കേണ്ട ഒന്നല്ല. അത് തനിയെ പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ ഞാന്‍ തയ്യാറാണ്.

എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തില്‍ ആശങ്ക ഉയര്‍ത്തി എന്നെ അടച്ചാക്ഷേപിക്കാനുള്ള പോലീസ് ഗൂഢാലോചനയാണ് എന്റെ അറസ്റ്റിന്റെ മുഴുവന്‍ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അത് നിയമത്തിന്റെ എല്ലാ തത്വങ്ങള്‍ക്കും എതിരായിരുന്നു. എന്നെ കുടുക്കാനോ എന്റെ ജീവന്‍ അപഹരിക്കാനോ ഒരു നികൃഷ്ടമായ പദ്ധതി ഉണ്ടായിരുന്നു.

പക്ഷേ ഭാഗ്യവശാല്‍ എന്റെ ഫെയ്സ്ബുക്ക് ലൈവ് അവരുടെ പദ്ധതി തകര്‍ത്തു. അന്ന് അര്‍ദ്ധരാത്രി പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം നേടണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ കാട്ടി ഭീഷണിപ്പെടുത്തി. ഞാന്‍ മരണത്തെ ഭയപ്പെട്ടില്ല, ഉറച്ചു നിന്നു, അവസാനം അവര്‍ക്ക് എന്നെ കോടതിയില്‍ ഹാജരാക്കേണ്ടിവന്നു, എനിക്ക് ജാമ്യം ലഭിച്ചു.

എന്റെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുക്കുകയും എന്റെ ഗൂഗിള്‍ അക്കൗണ്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടും ഹാക്ക് ചെയ്ത് സെറ്റിംഗ്സ്‌ മാറ്റി എന്നെ പുറത്താക്കുകയും ചെയ്തു. (എന്റെ ഫോണുകള്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്) എന്റെ കേസിനെക്കുറിച്ചും എനിക്ക് എന്താണ് സംഭവിച്ചതെന്നും സമൂഹത്തോട് സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

എന്റെ ഒരുപാട് സുഹൃത്തുക്കള്‍ ഞാന്‍ ഉന്നയിച്ച ആശങ്കകള്‍ കേട്ടിട്ട് എന്നെ മനോരോഗി എന്നാണ് വിലയിരുത്തുന്നത് ഞാന്‍ കേട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചാല്‍, കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയും അത് പൊലീസിലും ഭരണത്തിലും എന്തിന് ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെ ഞാന്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

സോഷ്യല്‍ മീഡിയയില്‍ നിന്ന് അകറ്റി നിര്‍ത്തിയ രണ്ട് മാസത്തിനിടെ എന്റെ ആശങ്കകള്‍ക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. സര്‍ക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയിലാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ശബ്ദമുയര്‍ത്തുന്ന പലരുടെയും പേരില്‍ കള്ളക്കേസുകള്‍ ചുമത്തി.

സര്‍ക്കാരിന്റെ മുഖംമൂടി സംരക്ഷിക്കാന്‍ പോലീസിനെ കളിപ്പാവകളാക്കി നഗ്‌നമായി ഉപയോഗിക്കുകയാണ്. എന്നാല്‍ ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മൗനം പാലിക്കുകയാണ്. എനിക്കിപ്പോള്‍ അവരെ നന്നായി മനസ്സിലാക്കാന്‍ കഴിയും. സാമ്പ്രദായിക നിശബ്ദതയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ നോക്കി ചിരിക്കാന്‍ മാത്രം അറിയാവുന്ന ഒരു സമൂഹത്തെ സഹായിക്കാനാവില്ലെന്ന് അവര്‍ക്കറിയാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker