EntertainmentKeralaNews

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമാതാവ് മറ്റാരുടെയോ വാക്കുകൾ കേട്ട് പുലമ്പുന്ന വാക്കുകൾ മാത്രം, നൂറിന് പിന്തുണയുമായി സംവിധായകൻ

കൊച്ചി:നടി നൂറിൻ ഷെരീഫിനെതിരെ ‘സാന്റാക്രൂസ്’ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് രാജു ഗോപി ചിറ്റേത്ത് ഇന്ന് രംഗത്ത് എത്തിയിരുന്നു. ചോദിച്ച പ്രതിഫലം മുഴുവൻ നല്‍കിയിട്ടും മുമ്പ് വാക്ക് പറഞ്ഞിരുന്നത് പ്രകാരം നൂറിൻ ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടികളോട് സഹകരിക്കുന്നില്ലെന്നാണ് നിര്‍മാതാവിന്റെ ആരോപണം. എന്നാല്‍ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമാതാവ് മറ്റാരുടെയോ വാക്കുകൾ കേട്ട് പുലമ്പുന്ന വാക്കുകൾ മാത്രമാണത് എന്ന് ചൂണ്ടിക്കാട്ടി യുവസംവിധായകൻ പ്രവീണ്‍ രാജ് രംഗത്ത് എത്തിയിരിക്കുകയാണ്. നൂറിൻ ഷെരീഫ് അഭിനയിക്കുന്ന ചിത്രമായ ‘വെള്ളേപ്പ’ത്തിന്റെ സംവിധായകനാണ് പ്രവീണ്‍ രാജ് (Noorin Shereef).

പ്രവീണ്‍ രാജിന്റെ വാക്കുകള്‍

പത്തു രൂപയുടെ കൂലിക്ക് രണ്ടു രൂപയുടെ പോലും ജോലി ചെയ്യാത്ത നടി. നൂറിൻ ഷെരിഫ് എന്ന എന്റെ നായികയെ കുറിച്ചാണ് രാവിലെ മുതൽ ഇത്തരത്തിൽ പ്രചരിക്കുന്നത്. സത്യത്തിൽ ആ പ്രചരണത്തിന്റെ ഉദ്ദേശം എന്താണ് എന്ന് ആ വാർത്ത പ്രസിദ്ധീകരിച്ച പേജുകൾക്കടിയിൽ പലരും കമന്റ്‌ ആയി ഇടുന്നും ഉണ്ട്. സിനിമ നന്നായാൽ ആളുകൾ വരും എന്ന് ആണ് ഇത്രയും കാലമായിട്ടും എന്റെ ഇളയ അനുഭവം.

നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുകയും അവ രസകരമായ തലക്കെട്ടുകളയി മാധ്യമങ്ങളിൽ നിറക്കുകയും ചെയ്‍തു വ്യക്തിഹത്യ നടത്തുന്നു. ആത്മരതിയുടെ അപ്പോസ്ഥലന്മാർ അവ വാരി എറിഞ്ഞു ആനന്ദം കണ്ടെത്തുന്നു. ഈ സൈബർ ബുള്ളിങ് ഏതാനും ദിവസങ്ങളോ മണിക്കൂറുകളോ ഉണ്ടാകുള്ളൂ എങ്കിലും അത് അനുഭവിക്കുന്ന വ്യക്തിക്ക് ആ വ്യക്തിയെ കുറിച്ച് രൂപപ്പെടുന്ന പൊതുബോധം കാലങ്ങളോളം നിലനിൽക്കും, പലരും അത് അവസാനം വരെ വിശ്വസിക്കുകയും ചെയ്യും എന്നതാണ് വസ്‍തുത. 

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമാതാവ് മറ്റാരുടെയോ വാക്കുകൾ കേട്ട് പുലമ്പുന്ന വാക്കുകൾ മാത്രമാണത്. എന്റെ അനുഭവത്തിൽ ഞങ്ങളുടെ കൊച്ചു സിനിമയിൽ ഒത്തൊരുമയോടെ മുന്നോട്ട് പോയ മിടുക്കി ആണ് നൂറു. വെറും നിലത്തു ഇരുന്നു ചോറുണ്ട് അമ്പത് രൂപയുടെ സിനിമ ബിരിയാണി ഒക്കെ ആയിരിക്കും ഭക്ഷണം എന്നാലും ഒന്നും മിണ്ടാതെ പാവം അച്ചാറ് പാക്കറ്റ് പിടിച്ചു ഇരിക്കുന്നത് കാണുമ്പോൾ സങ്കടം വരും. രാവിലെ മുതൽ വാട്‍സാപ്പിൽ വാർത്തകൾ കൊണ്ട് തള്ളുന്ന എല്ലാവർക്കും വേണ്ടി കൂടി ആണ് ഇത് പോസ്റ്റുന്നത്.

 ഈ ചിത്രം ഒരു കുഞ്ഞു പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി എടുത്തതാണ്. തൃശൂർ കോർപ്രേഷൻ നടത്തുന്ന ശുചിത്വ മിഷൻ പരിപാടിയുടെ ഉത്ഘാടനം ചെയ്യാൻ ഉള്ള പരിപാടി. ശക്തൻ സ്റ്റാൻഡിന്റെ ഒരു വശം മുഴുവൻ വൃത്തിയാക്കാൻ അവിടെ ഉള്ള കുടുംബശ്രീ ചേച്ചിമാർക്ക് ഒപ്പം നടക്കുന്ന നൂറിനെ കണ്ട് എന്റെ പോലും കിളി പോയി.ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ ആത്മാർത്ഥതയോടെ ചെയ്യണം എന്ന് നമ്മൾക്ക് തന്നെ തോന്നിപ്പിക്കുന്ന തരം പ്രകൃതമുള്ള ബോൾഡ് ആയ പെൺകുട്ടി. ഇപ്പോൾ ഈ കേൾക്കുന്നതിനും പറയുന്നതിനും ഒന്നും അധികം ആയുസ് ഉണ്ടാകില്ല എന്നാലും നമ്മളെ അറിയുന്ന നമ്മൾക്ക് അറിയുന്ന ഒരാളെ കുറിച്ച് രണ്ടു രൂപയുടെ വാർത്ത ഒക്കെ വരുമ്പോൾ അതു ഇത്തിരി ബുദ്ധിമുട്ട് തന്നെ ആണ്. യൂണിവേഴ്‍സിറ്റി എക്സാം ദിവസം റിലീസ് വെച്ചിട്ട് ഫസ്റ്റ് ഷോ കാണാം വരണമെന്ന് പറയുന്നതിലെ യുക്തി കൂടി മനസിലാക്കണം.

ഇനി എന്റെ സിനിമയുടെ കാര്യം പറയാം അത് ആളുകളിലേക്ക് എത്തിക്കേണ്ട വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ആരൊക്കെ കൂടെ ഉണ്ടാകും ഉണ്ടാകില്ല എന്നൊന്നും ഇല്ല.ഒരിക്കലും തോറ്റു കൊടുക്കില്ല എന്ന ഒരു വിശ്വാസം മാത്രമുള്ള ഒരു ഞാൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker