ദിലീപിന് തിരിച്ചടി; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല, വിടുതല്‍ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളി. പ്രത്യേക കോടതിയുടേതാണു നടപടി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു. തന്നെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് പ്രത്യേക കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. ക്വട്ടേഷന്‍ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.

പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണു പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. നിലവിലുള്ള കുറ്റപത്രത്തില്‍, തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നു ദിലീപ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ദിലീപിന് വിടുതല്‍ നല്‍കരുതെന്നും വിചാരണ നടത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂര്‍ത്തിയാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News